വ്യാജ വാർത്തകളെ പരിഹസിച്ച് മന്ത്രി റിയാസ്: 'ഫാരിസ് ഇതുവരെ കാണാത്ത അമ്മാവൻ"
തിരുവനന്തപുരം: ഇതുവരെ കാണാത്ത ഫാരിസ് അബൂബക്കറിനെയാണ് തന്റെ അമ്മാവനായി ചിത്രീകരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തന്റെ ഉമ്മയ്‌ക്ക് അബ്ദുറഹ്മാൻ, അബ്ദുൾ അസീസ്, മുജീബ് റഹ്മാൻ, അബ്ദുൾ ഷുക്കൂർ, അബ്ദുൾ റഷീദ് എന്നിങ്ങനെ അഞ്ച് സഹോദരങ്ങളാണുള്ളത്. പുതിയ അമ്മാവനെയാണിപ്പോൾ കിട്ടിയത്.
ജയന്റെയും നസീറിന്റെയും സിനിമകളിൽ കുട്ടികളാകുമ്പോൾ അവർ പിരിഞ്ഞിട്ടുണ്ടാകും. പിന്നീട് സ്റ്റണ്ട് രംഗത്തിലാകും കണ്ടുമുട്ടുന്നത്. ഇതുപോലെ എന്നെങ്കിലും കണ്ടാൽ അമ്മാവനെ കിട്ടിയ സന്തോഷം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട് പങ്കുവയ്ക്കാം. ജനാധിപത്യ രാജ്യത്ത് ആർക്കും എന്തും പറയാം. തിരിച്ച് മറുപടി പാടില്ലെന്ന നിലപാട് ശരിയല്ല. രാഷ്ട്രീയമായി അക്രമിക്കുമ്പോൾ മന്ത്രിയെന്ന് പറഞ്ഞ് മിണ്ടാതിരിക്കാനാവില്ല. മറുപടി സഭയുടെ മേശപ്പുറത്ത് വയ്ക്കുമ്പോൾ രാഷ്ട്രീയം പറയരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. അത് പാടില്ലെന്ന് പറയുന്നത് മന്ത്രിയുടെ ജനാധിപത്യ അവകാശത്തിലുള്ള കൈകടത്തലാണ്. രാഷ്ട്രീയമായി പ്രത്യാക്രമിക്കുമ്പോഴും വികസന കാര്യവുമായി പ്രതിപക്ഷം സമീപിക്കുമ്പോൾ രണ്ട് കൈയും നീട്ടി സ്വീകരിക്കും. മന്ത്രിമാരായ വീണാജോർജ്, ശിവൻകുട്ടി, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ തുടങ്ങിയവർക്കെതിരെ മോശം പരാമർശമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുണ്ടായത്. നിയമസഭ തടസപ്പെടുത്തിയതിന് പിന്നിൽ പ്രതിപക്ഷത്തിന് രഹസ്യ അജണ്ടകളുണ്ടെന്നും റിയാസ് പറഞ്ഞു.
.