ദേശീയപാത വികസനത്തിന് 804.76 കോടി: ഗഡ്കരിക്ക് നന്ദി പറഞ്ഞ് മന്ത്രി റിയാസ്

Saturday 25 March 2023 1:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ടു ദേശീയപാതകളുടെ വികസനത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 804.76 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കാൻ 350.75 കോടിയും ദേശീയപാത 766 ൽ കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടിറോഡിന് 454.1കോടിയുമാണ് അനുവദിച്ചത്. പണം അനുവദിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിക്ക് മന്ത്രി നന്ദി അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ പ്രധാന ആവശ്യങ്ങളായിരുന്ന കൊടുവള്ളി, താമരശ്ശേരി ബൈപ്പാസുകളെയും പദ്ധതിയിൽ പരിഗണിച്ചിട്ടുണ്ട്. തുക അനുവദിച്ച രണ്ട് റോഡുകളുടെയും വികസനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.