കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു
സംസ്ഥാനത്ത് കൊവിഡ് മരണം 9 മാസത്തിന് ശേഷം
കണ്ണൂർ: കൊവിഡ് ബാധിതനായ വൃദ്ധൻ ചികിത്സയിലിരിക്കെ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിൽ എയ്ഞ്ചൽ സ്‌കൂളിനു സമീപം വിമുക്തഭടനും റിട്ട. എക്‌സൈസ് ഓഫീസറുമായ മാധവാലയത്തിൽ ടി.കെ. മാധവനാണ് (89) മരിച്ചത്. ഒമ്പതു മാസത്തിനു ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണിത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് സംസ്കാരം നടന്നു.
ഭാര്യ: പരേതയായ രതീദേവി. മക്കൾ: കവിത, ഹിരൺ (കുവൈത്ത്), സൈവി ( ദുബായ്). മരുമക്കൾ: കെ.പി. സജീവ് (കുവൈത്ത്), സൂര്യ ദയാൽ (ദുബായ്), ഭാവന. കൊവിഡിന് പുറമെ വാർദ്ധക്യസഹജമായ മറ്റ് രോഗങ്ങളുമുണ്ടായതാണ് മരണ കാരണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.എം.ഒ ഡോ. നാരായണ നായിക് പറഞ്ഞു. ഗുരുതര രോഗവുമായി ആശുപത്രിയിലെത്തുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാധവൻ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തയത്.
കണ്ണൂരിൽ നിലവിൽ മൂന്ന് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുള്ളവരടക്കം കണ്ണൂരിലെ വിവിധ ആശുപത്രികളിലായി ഏഴ് കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.