സ്മാർട്ട് വൈദ്യുതി മീറ്റർ : വായ്പ നഷ്ടപ്പെട്ടേക്കുമെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്
തിരുവനന്തപുരം: സ്മാർട്ട് വൈദ്യുതി മീറ്റർ നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് വായ്പ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്നും സർക്കാർ നേരിട്ട് ഇടപെട്ട് അനുകൂല തീരുമാനമുണ്ടാക്കണമെന്നും ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മൂന്നംഗ വിദഗ്ദ്ധ സമിതി റിപ്പോർട്ട്. കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.രാജൻ ഖോബ്രഗഡെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
മൂന്ന് വിഷയങ്ങളാണ് സമിതിയോട് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നത്. സി ഡാക്കിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാകുമോ എന്നതിന് കഴിയില്ലെന്ന മറുപടിയാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ടോട്ടക്സ് മാതൃകയിൽ നടപ്പാക്കുന്നത് അനിവാര്യമാണോ എന്നതിന് വേറെ മാർഗമില്ലെന്നാണ് കണ്ടെത്തൽ. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് വായ്പയെടുക്കാൻ കേന്ദ്രം അനുമതി നിഷേധിക്കാനിടയുണ്ടോ എന്ന സംശയത്തിന് സാദ്ധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടേണ്ടിവരുമെന്നുമാണ് സമിതി നിഗമനം.
ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ്, കെ.എസ്.ഇ.ബിയിലെ ഡയറക്ടർ, ചീഫ് എൻജിനിയർ എന്നിവരാണ് സമിതിയിലുള്ളത്. കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് വിലയിരുത്തിയശേഷം റിപ്പോർട്ട് സർക്കാരിന് കൈമാറും. ഇടതുമുന്നണിയും മന്ത്രിസഭായോഗവും പരിഗണിച്ചശേഷമാകും അന്തിമ തീരുമാനം.
കെ.എസ്.ഇ.ബിയിലെ ഇടതുസംഘടനകൾ എതിർത്തതോടെ സ്മാർട്ട് മീറ്റർ നടപ്പാക്കാനായിരുന്നില്ല. അതോടെ വായ്പയെടുക്കാനുള്ള അനുമതിയും മുടങ്ങി. ഇൗസാഹചര്യത്തിലാണ് പ്രശ്നം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.