അരിക്കൊമ്പനെ പിടിക്കാൻ കോന്നി സുരേന്ദ്രൻ എത്തി; മിഷൻ ഒരുക്കങ്ങളുമായി വനംവകുപ്പ് മുന്നോട്ടുതന്നെ
ഇടുക്കി: അരിക്കൊമ്പനെ തളയ്ക്കാനായി രണ്ട് കുങ്കിയാനകൾ കൂടി എത്തി . കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളാണ് ചിന്നക്കനാലിലെത്തിയത്. അരിക്കൊമ്പനെ പിടികൂടുന്നത് താൽകാലികമായി ഹെെക്കോടതി തടഞ്ഞിരിക്കുകയാണ്. എന്നാലും ഒരുക്കങ്ങളുമായി വനംവകുപ്പ് മുന്നോട്ടു പോകുമെന്ന് തീരുമാനിച്ച സാഹചര്യത്തിലാണ് രണ്ട് കുങ്കിയാനകളെ കൂടി എത്തിച്ചിരിക്കുന്നത് . ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള മറ്റ് നടപടികൾ വനംവകുപ്പ് തുടരും.
അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഈ മാസം 29ന് കേസ് പരിഗണിച്ച ശേഷം മതിയെന്നാണ് ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക സിറ്റിംഗ് നടത്തിയായിരുന്നു സ്റ്റേ.
ഇപ്പോഴുള്ള നീരിക്ഷണം തുടരുമെന്നും ആനയെ പിടികൂടാനുള്ള ദൗത്യം 29ന് ശേഷം ഉണ്ടാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിക്കാനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ കണക്കെടുപ്പ് ഇന്ന് തുടങ്ങും.