വടക്കേ ഇന്ത്യക്കാർ പാകമാകാത്തതിന് പോലും പറയുന്ന കാശ് തരുന്നു, റബ്ബർ വെട്ടി ഈ പുത്തൻ പണം കായ‌്‌ക്കും മരം നടുകയാണ് മലയോരകർഷകർ

Saturday 25 March 2023 1:08 PM IST

കോന്നി: മലയോരമേഖലയിലെ ഗ്രാമങ്ങളിൽ ഇടിച്ചക്കയുടെ കച്ചവട കാലമാണിത്. വിളഞ്ഞുപാകമാകുന്നതിനു മുൻപ് വീടുകളിൽ നിന്ന് ചക്ക സംഭരിക്കുന്ന തിരക്കിലാണ് കച്ചവടക്കാർ. വീടുകൾ തോറും കയറിയിറങ്ങി പ്ലാവിലെ ചക്ക മുഴുവനായി കച്ചവടം ഉറപ്പിച്ച് പാകമാകും മുമ്പേ പറിച്ച് വടക്കേ ഇന്ത്യയിലേക്ക് കയറ്റിവിടുകയാണ്.

കച്ചവടം ഉറപ്പിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ലോറികളുമായി എത്തി പ്ലാവിലെ മൂപ്പെത്താത്ത ചക്ക മുഴുവനായി പറിച്ചെടുത്ത് പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ എത്തിക്കും. അവിടെ നിന്നാണ് വടക്കേഇന്ത്യയിലേക്ക് കയറ്റിപ്പോവുന്നത്. അവിടുത്തെ വൻകിട ഫാക്ടറികളിൽ ഇതിന് രൂപമാറ്രം വരും. ഫുഡ് സപ്ലിമെന്റിന്റെയും ഹെൽത്ത് ഡ്രിങ്കിന്റെയും അവശ്യഘടകമായാണ് ഇടിച്ചക്ക . പഴുത്ത ചക്കച്ചുളയും വേവിക്കാൻ പരുവത്തിലായ ചുളകളും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ടിന്നുകളിലാക്കിയാണ് പഴുത്ത ചക്കച്ചുളകൾ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കുമാണ് ചക്ക പ്രധാനമായും അയയ്ക്കുന്നത്.

ഡൽഹി, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലേക്കും പച്ചച്ചക്ക കയറ്റി അയയ്ക്കുന്നുണ്ട്. ഇടിച്ചക്ക ഒന്നിന്‌ 30 രൂപയും മൂപ്പെത്തിയ ചക്കയ്ക്ക്‌ 50 രൂപയുമാണ് കച്ചവടക്കാർ നൽകുന്ന വില. ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്ലാവുകൾ ധാരാളമുണ്ട്. റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ പലതും ഇപ്പോൾ ബഡ് പ്ലാവ് കൃഷിയിലേക്ക് മാറിയിട്ടുണ്ട്. ഉയരം കുറവായതിനാൽ സംരക്ഷണവും വിളവെടുക്കലും എളുപ്പമാണ്. എന്നാൽ, പ്രിയം നാടൻ ചക്കയ്ക്കാണ്.

Advertisement
Advertisement