ഇത്  പിതാവിന്റെ മരണത്തിന് ശേഷമെടുത്ത ധീരമായ തീരുമാനം,  എന്ത് കൊണ്ടാണ് വിരാട് കോലി 18ാം നമ്പർ ജേഴ്സി ധരിക്കുന്നതെന്നറിയാമോ ? 

Saturday 25 March 2023 2:49 PM IST

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയുടെ ജഴ്സി നമ്പർ ശ്രദ്ധിച്ചിട്ടുണ്ടോ ? 18 ആണ് കോലിയുടെ ജഴ്സി നമ്പർ. കോലിയെ സംബന്ധിച്ച് ഇത് കേവലം ഒരു നമ്പരല്ല, ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോഴും, ഐപിഎൽ മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്രതിനിധീകരിക്കുമ്പോഴും കോലിയുടെ നമ്പർ 18 തന്നെയായിരുന്നു. ഈ നമ്പരിനോട് കോലിക്കുള്ളത് വൈകാരികമായ ബന്ധമാണ്.

2008ൽ ലോകകപ്പ് നേടിയ അണ്ടർ 19 ടീമിന്റെ ക്യാപ്ടനായ സമയം മുതലാണ് വിരാട് കോലി 18ാം നമ്പർ ജേഴ്സി ധരിക്കുന്നത് സ്ഥിരമാക്കിയത്. പിന്നീട് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചപ്പോഴും, മറ്റാരും 18ാം നമ്പർ ഉപയോഗിക്കാത്തതിനാൽ കോലിക്ക് എളുപ്പം ഇഷ്ട നമ്പർ സ്വന്തമാക്കാനുമായി. ഇനി എന്തുകൊണ്ടാണ് കോലി 18ാം നമ്പർ ജേഴ്സി ധരിക്കുന്നതെന്ന് അറിയാം. 2006 ഡിസംബർ 18 ന് കോലിക്ക് 17 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുന്നത്. പിതാവ് മരിക്കുമ്പോൾ കർണാടകയ്‌ക്കെതിരെ ഡൽഹിക്ക് വേണ്ടി രഞ്ജിയിൽ കളിക്കുകയായിരുന്നു കോലി.

പിതാവ് മരണപ്പെട്ടതിന്റെ പിറ്റേ ദിവസം മത്സരത്തിൽ കളിക്കുവാനായിരുന്നു കോലിയുടെ തീരുമാനം. കോലി ധീരമായ തീരുമാനം തന്റെ മാതാവിനേയും, ടീം പരിശീലകനെയും അറിയിച്ചു. പിതാവിനെ കുറിച്ചുള്ള മരിക്കാത്ത ഓർമ്മകളുമായി ക്രീസിലെത്തിയ കോലി ആ മത്സരത്തിൽ 90 റൺസാണ് നേടിയത്. ഈ റൺ നേട്ടം മത്സരത്തിൽ ഡൽഹിയെ ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചു.

'ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായതിനാൽ എന്റെ അച്ഛൻ മരിച്ച രാത്രി ഞാൻ ഇപ്പോഴും ഓർക്കുന്നു. പക്ഷേ, പിതാവിന്റെ മരണശേഷം രാവിലെ കളിക്കാനുള്ള വിളി എനിക്ക് സഹജമായി വന്നതാണ്,' കോലി ഒരു മാദ്ധ്യമത്തിനോട് പിന്നീട് പറഞ്ഞു.