കാറില്ലാത്ത യുവാവിന് കൂളിംഗ് ഫിലിം ഒട്ടിച്ചതിന്റെ പേരിൽ 3250 രൂപ പിഴയിട്ട് എം വി ഡി, രേഖപ്പെടുത്തിയിരിക്കുന്നത് സ്‌കൂട്ടർ, പടം സ്വിഫ്റ്റിന്റെയും

Saturday 25 March 2023 4:58 PM IST

തൃശൂർ: അനധികൃതമായി കൂളിംഗ് ഫിലിം ഒട്ടിച്ചതിന് ബൈക്ക് യാത്രക്കാരന് കനത്ത തുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശിയായ നൗഷാദിനാണ് പിഴയടയ്ക്കണമെന്ന് കാട്ടി കത്ത് കിട്ടിയത്. 3250 രൂപയാണ് പിഴ തുകയായി കാണിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ആ‌‌ർ ടി ഓഫീസാണ് കത്തയച്ചിരിക്കുന്നത്. എന്നാൽ അടുത്തിടെയൊന്നും കോതമംഗലത്തോ മൂവാറ്റുപുഴയിലോ പോയിട്ടില്ലെന്ന് നൗഷാദ് പറയുന്നു.

കൂളിംഗ് ഫിലിം ഒട്ടിച്ചതിനും നമ്പർപ്ളേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്തതിനുമാണ് പിഴ. അതേസമയം, ആർ ടി ഓഫീസിൽ നിന്ന് അയച്ചിരിക്കുന്ന കത്തിൽ കൊടുത്തിരിക്കുന്നത് സ്വിഫ്റ്റ് കാറിന്റെ ചിത്രമാണ്. വാഹനത്തിന്റെ സ്ഥാനത്ത് സ്‌കൂട്ടർ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ നൗഷാദിന് സ്വന്തമായി കാറില്ല. വിലാസവും വാഹന നമ്പറും ഫോൺ നമ്പറുമെല്ലാം പക്ഷേ കൃത്യമാണ്.

കോതമംഗലം മലയിൻകീഴ് ഭാഗത്ത് എം വി ഡി നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്. ഡ്രൈവറുടെ പേരും കൊടുത്തിട്ടുണ്ട്. തൃശൂരിലാണ് നൗഷാദ് ജോലി ചെയ്യുന്നത്. ഇരിഞ്ഞാലക്കുട- തൃശൂർ ഭാഗം വിട്ട് മറ്റെവിടേയ്ക്കും പോകാറില്ലെന്നും നൗഷാദ് പറയുന്നു.