രാഹുൽ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോൺഗ്രസ് സിപിഎം സഖ്യം നിലവിൽവന്നുവെന്ന്  കെ സുരേന്ദ്രൻ

Saturday 25 March 2023 5:11 PM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോൺഗ്രസ് സിപിഎം സഖ്യം നിലവിൽ വന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിക്ക് വേണ്ടി തെരുവിലിറങ്ങുമെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനും ഇരുകൂട്ടരും തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ആശിർവാദത്തോടെയാണ് കോൺഗ്രസുകാർ കേരളത്തിൽ അഴിഞ്ഞാടുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ജനജീവിതത്തെ ബാധിക്കുന്ന രീതിയിലാണ് കോൺഗ്രസിന്റെ അക്രമസമരങ്ങൾ അരങ്ങേറുന്നത്. കോൺഗ്രസ് നേതാക്കൾ കലാപാഹ്വാനം നടത്തുന്ന പോസ്റ്റുകൾ സാമൂഹ്യമാദ്ധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്ത് വെല്ലുവിളിക്കുകയാണ്. എന്നാൽ പൊലീസ് പൂർണമായും നിഷ്‌ക്രിയമായിരിക്കുകയാണ്. സിപിഎമ്മിന്റെ സഖ്യകക്ഷിയായതു കൊണ്ടാണോ പൊലീസ് കോൺഗ്രസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ കോടതികൾക്ക് വിശ്വാസതയില്ലെന്നാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ പറയുന്നത്. ജുഡീഷ്യറിയേയും ഭരണഘടനയേയും അപമാനിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണം. ഇലക്ഷൻ കമ്മീഷനിൽ വിശ്വാസമില്ല, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വിശ്വാസമില്ല ഇപ്പോൾ കോടതിയിലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ജനങ്ങൾക്ക് കോൺഗ്രസിലാണ് വിശ്വാസമില്ലാത്തതെന്ന് ഇനിയെങ്കിലും നേതാക്കൾ മനസിലാക്കണം. പിന്നാക്ക സമുദായത്തെ അവഹേളിച്ചതിനാലാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നാക്കകാർക്കെതിരെ എന്തുമാവാം എന്ന വിചാരം രാഹുൽ ഗാന്ധിക്ക് വേണ്ടായെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.