മിഷൻ അരിക്കൊമ്പൻ; മോക് ഡ്രിൽ 29ന്, കോടതി കനിഞ്ഞാൽ ഉടനെ തന്നെ കാട്ടാനയെ പിടികൂടുമെന്ന് വനംവകുപ്പ്
ഇടുക്കി: ചിന്നക്കനാൽ പ്രദേശത്തെ ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെന്ന പിടികൂടുന്നതിന് മുന്നോടിയായുള്ള മോക് ഡ്രിൽ മാർച്ച് 29-ന് നടത്തും. അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം കോടതി 29വരെ സ്റ്റേ ചെയ്തിരുന്നു. ആനയെ മയക്കുവെടി വെച്ച് പിടികൂടുന്നത് അശാസ്ത്രീയമാണെന്ന മൃഗ സംരക്ഷണ സംഘടനയുടെ ഹർജിയിൻമേലായിരുന്നു നടപടി.
ആനയെ പിടികൂടുന്നതല്ലാതെ ബദൽ മാർഗങ്ങൾ കൂടി പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും മിഷൻ അരിക്കൊമ്പനുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് നേരത്തെ 25-ാം തീയതി നടത്താനായി നിശ്ചയിച്ചിരുന്ന മോക് ഡ്രിൽ 29-ാം തീയതിയിലേയ്ക്ക് മാറ്റിയത്. അരിക്കൊമ്പനെ പിടികൂടുന്നത് താൽകാലിക വിലക്കുണ്ടെങ്കിലും ഒരുക്കങ്ങളുമായി മുന്നോട്ടു പോകുമെന്ന് വനംവകുപ്പ് തീരുമാനിച്ചതോടെ രണ്ട് കുങ്കിയാനകളെ കൂടി ചിന്നക്കനാലിൽ എത്തിച്ചിരുന്നു. അരിക്കൊമ്പനെ തളയ്ക്കാനായി കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളെയാണ് എത്തിച്ചത്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള മറ്റ് നടപടികൾ വനംവകുപ്പ് തുടരും.
ഇപ്പോഴുള്ള നീരിക്ഷണം തുടരുമെന്നും ആനയെ പിടികൂടാനുള്ള ദൗത്യം 29ന് ശേഷം ഉണ്ടാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിക്കാനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ കണക്കെടുപ്പ് ഇന്ന് തുടങ്ങും.