രാഹുൽ വികാരത്തിൽ ഇടറാതെ നോക്കാൻ എൽ.ഡി.എഫ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ ഉയരുന്ന പൊതുവികാരം കോൺഗ്രസിന് മാത്രം നേട്ടമാകാതിരിക്കാൻ കരുതലോടെ സി.പി.എമ്മും സി.പി.ഐയും.
വെള്ളിയാഴ്ച രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നിശിത വിമർശനവുമായെത്തി. മറ്റു സി.പി.എം മന്ത്രിമാരും നേതാക്കളും ഏറ്റുപിടിച്ചതോടെ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ നേതൃത്വത്തിൽ സി.പി.ഐയും കേന്ദ്രത്തെ ആക്രമിച്ചു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫ് അനുകൂല തരംഗമുണ്ടാക്കിയിരുന്നു. ഇപ്പോഴാകട്ടെ അയോഗ്യതാ സഹതാപം കോൺഗ്രസിന് മേൽക്കൈയുണ്ടാക്കിക്കൊടുക്കുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയത്. മതന്യൂനപക്ഷങ്ങൾക്കിടയിലടക്കം സ്വാധീനമുറപ്പാക്കാനുള്ള ജാഗ്രത ഇടത് ഇടപെടലുകളിൽ പ്രകടമാണ്. കോൺഗ്രസ് നേതാക്കൾ പ്രതികരണത്തിൽ ബി.ജെ.പിയെ പേരെടുത്ത് പരാമർശിക്കുന്നില്ലെന്ന ആരോപണം ശക്തിപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്.
അപകടം മണത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മോദി ഭരണത്തിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പിണറായിയുടെ പൊലീസ് തല്ലിച്ചതച്ചത് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ഇരട്ട അജൻഡയാണ് പ്രകടമാക്കുന്നതെന്ന് തിരിച്ചടിച്ചുകഴിഞ്ഞു. ഒരു വശത്ത് രാഹുൽഗാന്ധിക്ക് പിന്തുണ നൽകുകയും മറുവശത്ത് പ്രതിഷേധിക്കുന്നവരുടെ തല അടിച്ച് പൊട്ടിക്കുകയും ചെയ്യുന്നത് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പിയുമായുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നും സതീശൻ ആക്ഷേപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടുപോയ ന്യൂനപക്ഷ പിന്തുണ രാഹുൽ വിഷയത്തിലൂടെ തിരിച്ചുപിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. രാഹുലിനെതിരായ നടപടിക്കെതിരെ വിപുലമായ പ്രചാരണപരിപാടികളിലൂടെ കളത്തിലിറങ്ങാനാണ് നീക്കം. ഇതിലൂടെ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2019ലേതിന് സമാനമായ മുന്നേറ്റം അവർ പ്രതീക്ഷിക്കുന്നു.
2019ലെ തകർച്ചയിൽ നിന്ന് തിരിച്ചുകയറാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞ ഇടതുമുന്നണിക്ക് കാര്യങ്ങൾ യു.ഡി.എഫ് തരംഗത്തിലേക്ക് പോകാതെ നോക്കേണ്ടതുണ്ട്. രാഹുൽ വിഷയത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് ഇടത് എം.പിമാർ അറസ്റ്റ് വരിച്ചതുൾപ്പെടെ അവർ പ്രചാരണായുധമാക്കും. പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാതെ കേരളത്തിന് പുറത്തുള്ള കോൺഗ്രസ് എം.പിമാർ പലരും മുങ്ങിയത് അവരുടെ ആത്മാർത്ഥതയില്ലായ്മയായി ചൂണ്ടിക്കാട്ടാനുള്ള ശ്രമവുമുണ്ടാകും.