കോൺഗ്രസ് അപ്പീൽ നൽകാത്തത് സഹതാപമുണ്ടാക്കാൻ: ബി. ജെ. പി
ന്യൂഡൽഹി:രാഹുലിന്റെ അയോഗ്യതയുടെ പേരിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സഹതാപ തരംഗമുണ്ടാക്കാനാണ് രാഹുലിനെ ശിക്ഷിച്ച സൂററ്റ് കോടതി വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകാത്തതെന്ന് ബി. ജെ. പി പരിഹസിച്ചു.
കോൺഗ്രസിന് പ്രമുഖ അഭിഭാഷകരുടെ പടയുണ്ട്. അവരുടെ വക്താവ് പവൻ ഖേരയെ വിമാനത്തിൽ അറസ്റ്റ് ചെയ്തപ്പോൾ സുപ്രീംകോടതിയിൽ പോയില്ലേ. രാഹുലിന്റെ കാര്യത്തിൽ താമസം എന്തുകൊണ്ടാണ്. കോൺഗ്രസിൽ 'രാഹുലിനെ ഒഴിവാക്കൂ, പാർട്ടിയെ രക്ഷിക്കൂ' എന്ന ആവശ്യമുയരുന്നത് കൊണ്ടാണോ എന്ന് പാർട്ടി വക്താവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പരിഹസിച്ചു.
രാഹുലിന്റെ അയോഗ്യത നിയമപ്രകാരമാണ്. ആറ് ബി.ജെ.പി നേതാക്കൾ അടക്കം 32 നേതാക്കളെ അയോഗ്യരാക്കിയിട്ടുണ്ട്. അയോഗ്യതയെ തുടർന്ന് ഉപതിരഞ്ഞെടുപ്പുകൾ നടന്നു. രാഹുൽ ഗാന്ധിക്കു വേണ്ടി നിയമം മാറ്റണമെന്നാണോ.
ലണ്ടനിൽ രാജ്യത്തിനെതിരെ പ്രസംഗിച്ചിട്ടില്ലെന്നാണ് രാഹുൽ പറയുന്നത്. ഇന്ത്യയിൽ ജനാധിപത്യം ദുർബലമാകുന്നത് യു.എസും യൂറോപ്പും കാണുന്നില്ലേ എന്നാണ് അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പ് തോറ്റാൽ വിദേശത്ത് പോയി രാജ്യത്തെ കുറ്റം പറയും. തിരഞ്ഞെടുപ്പ് ജയിച്ചാൽ വലിയ കാര്യം. ഇല്ലെങ്കിൽ കുറ്റം. അനുകൂല വിധിയുണ്ടായാൽ കോടതികൾ നിക്ഷ്‌പക്ഷം. ഇല്ലെങ്കിൽ ദുർബലം.
രാജ്യത്തെ വിദേശത്ത് അപമാനിക്കുന്നത് രാഹുലിന്റെ പതിവാണ്. പുൽവാമയിലേത് കാർ സ്‌ഫോടനം മാത്രമെന്നാണ് പറഞ്ഞത്. തന്റെ ഫോണിൽ പെഗസസ് ചാര സോഫ്‌റ്റ്‌വെയർ ഉണ്ടെന്ന് പറഞ്ഞ രാഹുൽ സുപ്രീംകോടതിയിൽ ഹാജരാക്കിയില്ല. ഫോൺ പരിശോധിച്ചാൽ രഹസ്യങ്ങൾ പുറത്തുവരുമെന്ന് പേടിച്ചാകും.
രാഹുലിന് അഴിമതിക്കെതിരെ ശബ്‌ദിക്കാൻ എന്തവകാശമാണുള്ളത്. നാഷണൽ ഹെറാൾഡിന്റെ സ്വത്ത് കൈവശപ്പെടുത്തിയ കേസിൽ സോണിയക്കൊപ്പം ജാമ്യത്തിലാണ്. ബോഫോഴ്സ് കേസിൽ കുടുംബത്തിന് ബന്ധമുണ്ടെന്ന് തെളിഞ്ഞില്ലേ. യു.പി.എ കാലത്തല്ലേ ആദർശ്, ടൂ ജി, കൽക്കരി ,ഹെലികോപ്‌ടർ അഴിമതികൾ ഉയർന്നത്. ഇങ്ങനെയുള്ള രാഹുലിന്, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണമുന്നയിക്കാൻ എന്തവകാശം.
അദാനി വിഷയത്തിൽ പാർലമെന്റിൽ പ്രസംഗിച്ചത് തെളിവുകളില്ലാതെയാണ്. യു.പി.എ കാലത്തും അദാനി ഗ്രൂപ്പിന് കരാർ നൽകിയിരുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.