ഒപ്പിടാത്ത ബില്ലുകൾ: നിയമോപദേശകരെ കാണാൻ ഗവർണർ
Sunday 26 March 2023 10:15 PM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയിട്ടും ഒപ്പിടാതെ മാറ്റിവച്ച 6 ബില്ലുകളിൽ തുടർനടപടി ആലോചിക്കാൻ നിയമോപദേശകരുടെ യോഗം വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏപ്രിൽ രണ്ടിന് രാജ്ഭവനിലാണ് യോഗം. മുതിർന്ന അഭിഭാഷകൻ ഗോപകുമാരൻ നായർ ഉൾപ്പെടെ പങ്കെടുക്കും.
ബില്ലുകളിൽ നാലെണ്ണം നിയമസഭയുടെ പരിഗണനയ്ക്കായി തിരിച്ചയയ്ക്കാനും ലോകായുക്ത, ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കൽ എന്നീ വിവാദ ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാനുമാണ് ആലോചന. ഇന്നലെ രാത്രി ഡൽഹിയിൽ നിന്നെത്തിയ ഗവർണർ ഒരാഴ്ച തലസ്ഥാനത്തുണ്ടാവും.
സർവകലാശാലകളുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പും യോഗത്തിൽ ചർച്ചയാവും. കേസ് നടത്തിപ്പിൽ നിയമോപദേശകന് വീഴ്ചയുണ്ടായെന്നാണ് ഗവർണർ വിലയിരുത്തുന്നത്. ഗവർണറുടെ വാദങ്ങൾ വ്യക്തതയോടെ കോടതിയിൽ അവതരിപ്പിക്കാനായില്ലെന്ന് രാജ്ഭവൻ പറയുന്നു.