ഉടനടി അയോഗ്യത ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ ഹർജി

Sunday 26 March 2023 1:21 AM IST

ലില്ലി തോമസ് വിധി ദുരുപയോഗിക്കുന്നു

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ പശ്ചാത്തലം ചൂണ്ടിക്കാട്ടി ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(3) ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. രണ്ട് വർഷമോ, കൂടുതലോ ശിക്ഷ ലഭിക്കുന്ന എം.പിമാരെയും, എം.എൽ.എമാരെയും ഉടനടി അയോഗ്യരാക്കുന്ന വ്യവസ്ഥയാണിത്. ഇത്​ ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് മലയാളി സാമൂഹ്യപ്രവർത്തക ആഭാ മുരളീധരൻ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ,​ തിരഞ്ഞെടുപ്പ് കമ്മീഷൻ,​ രാജ്യസഭ, ലോക്‌സഭ സെക്രട്ടേറിയറ്രുകൾ എന്നിവരാണ് എതിർകക്ഷികൾ.

ലില്ലി തോമസ് വിധിയിലെ വ്യവസ്ഥ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുകയാണ്. രാഹുലിന്റെ കാര്യത്തിൽ കുറ്റകൃത്യത്തിന്റെ ഗൗരവവും,​ അപ്പീൽ ഏത് ഘട്ടത്തിലാണെന്നതും,​ അയോഗ്യത രാജ്യത്തും സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളും പരിഗണിച്ചില്ല. നിയമത്തിൽ ഗുരുതരവും അല്ലാത്തതുമായ കുറ്റങ്ങളും ജാമ്യം കിട്ടുന്നതും കിട്ടാത്തതുമായ വകുപ്പുകളുമുണ്ട്. അയോഗ്യതയ്‌ക്ക് കൃത്യമായ മാനദണ്ഡമുണ്ടാകണം. അപകീർത്തി പോലെ രണ്ട് വർഷം തടവ് ശിക്ഷയുളള കേസുകളിൽ അയോഗ്യത ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഹർജിയിലെ വാദങ്ങൾ

ജനം തിരഞ്ഞെടുത്തവരെ അവരുടെ ഉത്തരവാദിത്തം സ്വതന്ത്രമായി നിർവഹിക്കുന്നതിൽ നിന്ന് തടയുന്ന 8(3)ലെ വ്യവസ്ഥ ജനാധിപത്യ വിരുദ്ധമാണ്.

കുറ്റകൃത്യത്തിന്റെ ഗൗരവം,​ സ്വഭാവം തുടങ്ങിയവ പരിഗണിക്കാതെ അയോഗ്യത കൽപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. വിചാരണക്കോടതി വിധിക്കുന്ന ശിക്ഷ അപ്പീൽ കോടതിയിൽ റദ്ദാക്കാം. ജനപ്രതിനിധിയുടെ വിലപ്പെട്ട സമയമാണ് നഷ്‌ടപ്പെടുന്നത്.

പാർലമെന്റ് അംഗങ്ങൾ ജനങ്ങളുടെ ശബ്‌ദമാണ്.

വോട്ട് ചെയ്‌ത് ജയിപ്പിച്ച ലക്ഷക്കണക്കിന് അനുയായികളുടെ സ്വരമാണ് എം.പിമാരിലൂടെ ഉയരുന്നത്

ഭരണഘടന ഉറപ്പ് നൽകുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ് ജനപ്രതിനിധികൾ ഉയർത്തിപിടിക്കുന്നത്