കേരളത്തിൽ കോൺഗ്രസ് പ്രതിഷേധം എൽ.ഡി.എഫിനെതിരെ: മന്ത്രി റിയാസ്
Sunday 26 March 2023 12:04 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധി വിഷയത്തിൽ രാജ്യത്താകെ സംഘപരിവാറിനെതിരെ പ്രതിഷേധമുയരുമ്പോൾ സംസ്ഥാനത്ത് ഇടതുസർക്കാരിനെതിരെയാണ് പ്രതിപക്ഷ നേതാവും കൂട്ടരും പ്രതിഷേധിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ് ബുക്കിൽ കുറിച്ചു. സി.പി.എം ഉൾപ്പെടെ ഇടതുപക്ഷമാകെ സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. എന്നിട്ടും പ്രതിപക്ഷ നേതാവും ചില കോൺഗ്രസ് നേതാക്കളും കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരെ ഉരുത്തിരിയേണ്ട പ്രതിഷേധത്തെ കേരളത്തിൽ എൽ.ഡി.എഫിനെതിരെ തിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ഒന്നിച്ചുനിന്ന് ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നതിനുപകരം ഈ വിഷയത്തിലെ യോജിപ്പിൽ വിള്ളൽവീഴ്ത്താനുള്ള നീക്കം സഹായിക്കുന്നത് സംഘപരിവാറിനെയാണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും കൂട്ടാളികളുമെന്ന് മന്ത്രി കുറ്റപ്പെടുത്തി.