ഇറക്കിവിട്ടതല്ല; കുട്ടി ബസ് മാറി കയറിയത്

Sunday 26 March 2023 12:00 AM IST

തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞ് വീട്ടിൽ പോകാൻ കയറിയ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിയെ പൊരിവെയിലത്ത് ഇറക്കിവിട്ടെന്ന പരാതി കളവാണെന്ന് വിജിലൻസ് വിഭാഗം കണ്ടെത്തി. ടിക്കറ്റിന് കീറിയ നോട്ട് കൊടുത്തപ്പോൾ വനിതാ കണ്ടക്ടർ ഇറക്കി വിട്ടെന്നായിരുന്നു പരാതി.

ചാക്ക, പാറ്റൂർ വഴി പോകുന്ന ബസാണെന്ന് കരുതി ആറ്റിങ്ങലിൽ നിന്ന് ലുലു മാൾ വരെയുള്ള ബസിലാണ് എട്ടാം ക്ലാസുകാരൻ കയറിയത്. ലുലു മാൾ എത്തിയപ്പോൾ യാത്രക്കാരോടെല്ലാം ഇറങ്ങാൻ കണ്ടക്ടർ പറഞ്ഞു. കുട്ടിയും ഇറങ്ങി. അല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംഭവ ദിവസം ചാക്ക വഴി കടന്നു പോയ ബസുകളിലെ വനിതാ കണ്ടക്ടമാരെ കേന്ദ്രീകരിച്ചായിരുന്നു വിജിലൻസിന്റെ അന്വേഷണം. പലരുടെയും അടുത്ത് കുട്ടിയെ എത്തിച്ചെങ്കിലും അവരൊന്നും അല്ലെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്നലെ ലുലു മാളിൽ സർവീസ് അവസാനിപ്പിച്ച ബസിലെ വനിതാ കണ്ടക്ടറോടു കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. ഈ കണ്ടക്ടറെ വിദ്യാർത്ഥി തിരിച്ചറിയുകയും ചെയ്തു. കുട്ടി ബസിൽ മാറിക്കയറിയതാണെന്ന കണ്ടെത്തലിൽ അന്വേഷണം അവസാനിപ്പിച്ചു.