കൊച്ചി മാലിന്യ സംസ്കരണത്തിന് എംപവേർഡ് കമ്മിറ്റി

Sunday 26 March 2023 1:20 AM IST

തിരുവനന്തപുരം : പരാതി ഒഴിയാത്ത കൊച്ചിയിലെ മാലിന്യ സംസ്കരണത്തിനു പരിഹാരം കാണാൻ സർക്കാർ കോർപറേഷനു മുകളിൽ എംപവേർഡ് കമ്മിറ്റിയെ നിയോഗിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജില്ല കളക്ടർ അദ്ധ്യക്ഷനും ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ കൺവീനറുമായ കമ്മിറ്റിയിൽ, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 13 അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള അധികാരങ്ങൾ കമ്മിറ്റിക്കുണ്ട്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കാനും കോർപറേഷൻ മുഖേന നടപ്പിലാക്കാൻ നിർദ്ദേശിക്കാനും എംപവേർഡ് കമ്മിറ്റിക്ക് അധികാരമുണ്ടാകും.

മാലിന്യ സംസ്‌കരണത്തിനായുള്ള പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കാനുള്ള പദ്ധതികൾ കമ്മിറ്റിക്ക് കോർപറേഷനോട് നിർദ്ദേശിക്കാം. നിർദ്ദേശം കോർപറേഷൻ നടപ്പിലാക്കിയില്ലെങ്കിൽ പ്രവർത്തനം കമ്മിറ്റിക്ക് നേരിട്ട് നടത്താം.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതി നിർദ്ദേശം തയ്യാറാക്കി കോർപറേഷൻ കൗൺസിലിനു മുൻപാകെ എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കാം.നിർദ്ദേശം കൗൺസിൽ അംഗീകരിക്കാതിരിക്കുകയോ നടപ്പിലാക്കാതിരിക്കുകയോ തീരുമാനമെടുക്കാൻ വൈകുകയോ ചെയ്താൽ എംപവേർഡ് കമ്മിറ്റിക്ക് നേരിട്ട് അംഗീകാരം നൽകി പദ്ധതി നടപ്പിലാക്കാനാകും. ആവശ്യമായ ഫണ്ട് കോർപറേഷനോട് ലഭ്യമാക്കാൻ നിർദ്ദേശിക്കാം. സുലേഖ സോഫ്റ്റ് വെയറിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും.