ബ്രഹ്മപുരം വിജിലൻസ് അന്വേഷണം, 147 ഫയലുകൾ പിടിച്ചെടുത്തു

Sunday 26 March 2023 1:22 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുയർന്ന അഴിമതികളിൽ എറണാകുളം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി. കൊച്ചി കോർപ്പറേഷനിൽ നിന്ന് 147 ഫയലുകൾ പിടിച്ചെടുത്തു. ബയോമൈനിംഗിന് കരാറെടുത്ത സോൺട കമ്പനി ഉടമകളെയും ജീവനക്കാരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും.

2008 മുതൽ തീപിടിത്തമുണ്ടായ ദിവസംവരെയുള്ള ഇടപാടുകളാണ് അന്വേഷിക്കുന്നത്. പ്ലാന്റിന് സ്ഥലമെടുത്തതു മുതൽ അധികാരത്തിലിരുന്ന മേയർമാരുടെയും സെക്രട്ടറിമാരുടെയും എക്സിക്യുട്ടീവ് എൻജിനിയർമാരുടെയും മൊഴിയെടുക്കും.

കഴിഞ്ഞദിവസം അന്വേഷണ സംഘത്തിലെ രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘം ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് സന്ദർശിച്ചു. സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനി ഉടമകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.

55 കോടി രൂപയ്ക്ക് കരാറെടുത്ത സോൺട 23 കോടി​ക്ക് ഉപകരാർ നൽകിയെന്നാണ് ആരോപണം. പ്ലാന്റിന്റെ ആദ്യ കരാറുകാരൻ, ജീവനക്കാർ, കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ മൊഴികൾ ഉടനെ രേഖപ്പെടുത്തും. വരും ദിവസങ്ങളിൽ ഹാജരാകാൻ നോട്ടീസ് നൽകും. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.

മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്തിരുന്ന സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ വിജിലൻസ് കോടതിയിൽ ലഭിച്ച പരാതിയിൽ ത്വരിത അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്.