പക്ഷിപ്പനി വെല്ലുവിളിയായി കരതൊടാതെ 'കുട്ടനാടൻ' താറാവ്
ആലപ്പുഴ: താറാവുകളെ മൂല്യാധിഷ്ഠിത ഉത്പന്നങ്ങളാക്കി കുടുംബശ്രീ യൂണിറ്റുകളിലൂടെ വിപണിയിലെത്തിക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മൃഗസംരക്ഷണ വകുപ്പ് 'കുട്ടനാടൻ" എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതി എങ്ങുമെത്തിയില്ല. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചെങ്കിലും കൈനകരി, മുഹമ്മ എന്നിവിടങ്ങളിലെ പ്രാരംഭ പ്രവർത്തനങ്ങളല്ലാതെ മറ്റൊന്നും നടന്നില്ല. പള്ളിപ്പാട്, ചെന്നിത്തല, കൈനകരി, മുഹമ്മ എന്നിവിടങ്ങളിൽ യൂണിറ്റുകൾ തുടങ്ങുകയായിരുന്നു ലക്ഷ്യം.
ചെറുകിട കർഷകർ കുടുംബശ്രീയുമായി ചേർന്ന് യൂണിറ്റുകൾ സ്ഥാപിക്കും. ഓരോ യൂണിറ്റിനും മൃഗസംരക്ഷണ വകുപ്പ് ഏഴു ലക്ഷം രൂപ സബ്‌സിഡി നൽകും. ഭക്ഷ്യയോഗ്യമായ മുട്ട, കൊത്തുമുട്ട, സംസ്‌കരിച്ച മാംസം, താറാവ് കുഞ്ഞുങ്ങൾ എന്നിവയുടെ വിപണനമാണ് ഉദ്ദേശിച്ചിരുന്നത്. കുട്ടനാട്ടിലെ ചാര, ചെമ്പല്ലി ഇനത്തിൽപ്പെട്ട താറാവുകളെയാണ് മുന്തിയ ഇനങ്ങളായി പരിഗണിച്ചത്. വിപണിയിൽ അന്യസംസ്ഥാനങ്ങളുടെ ഇടപെടൽ ഒഴിവാക്കാനും കുടുംബശ്രീക്ക് അധിക വരുമാനം ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു.
വില്ലനായത് പക്ഷിപ്പനി
കുഞ്ഞുങ്ങളെ മൂന്നു മാസത്തിനുള്ളിൽ മാംസത്തിന് പാകമാക്കിയാലെ കർഷകർക്ക് പ്രയോജനമുണ്ടാകൂ. എന്നാൽ, വർഷാവർഷമുണ്ടാകുന്ന പക്ഷിപ്പനി പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. രോഗം ബാധിച്ച താറാവുകളെ കൊല്ലാനുള്ള നഷ്‌ടപരിഹാരം മാത്രമാണ് ഇപ്പോൾ നൽകുന്നത്.
അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്നതും കർഷകർക്ക് ഏറെ പ്രയോജനപ്രദവുമായിരുന്ന പദ്ധതി മുന്നോട്ടു കൊണ്ടുപോകേണ്ടതായിരുന്നു. ഇനിയെങ്കിലും അതിനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം
-രമേശ് ചെന്നിത്തല എം.എൽ.എ
പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തുകയും ചെയ്‌തു. എല്ലാവർഷവും ഉണ്ടാകുന്ന പക്ഷിപ്പനിയാണ് പ്രശ്‌നം. പക്ഷിപ്പനിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്
-ഡോ. എ.കൗശികൻ,
ഡയറക്‌ടർ,
മൃഗസംരക്ഷണ വകുപ്പ്