എസ്.ഐ നിയമനം: ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ അപേക്ഷ പരിഗണിക്കണമെന്ന കെ.എ.ടി ഉത്തരവ് ഹൈക്കോടതി ശരിവച്ചു

Sunday 26 March 2023 1:53 AM IST

കൊച്ചി: കേരള ആംഡ് പൊലീസ് ബറ്റാലിയൻ എസ്.ഐ തസ്‌തികയിലേക്ക് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന വ്യക്തിയുടെ അപേക്ഷ താത്കാലികമായി പരിഗണിക്കണമെന്ന കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കെ.എ.ടിയുടെ ഇടക്കാല ഉത്തരവിനെതിരെ പി.എസ്.സി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിധിപറഞ്ഞത്.

ട്രാൻസ്‌മെൻ വിഭാഗത്തിലുൾപ്പെട്ട എറണാകുളം മുളന്തുരുത്തി സ്വദേശി അർജുൻ ഗീതയുടെ ഹർജിയിലാണ് ഈ വിഭാഗത്തിന്റെ അപേക്ഷ താത്കാലികമായി പരിഗണിക്കാനും നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും കെ.എ.ടി നിർദ്ദേശിച്ചത്. ഇതിനെതിരെയാണ് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്. ആംഡ് പൊലീസ് ബറ്റാലിയനിലെ എസ്.ഐ തസ്തിക പുരുഷന്മാർക്കു മാത്രമുള്ളതാണെന്നായിരുന്നു പി.എസ്.സിയുടെ വാദം.

അർജുൻ ഗീത ട്രാൻസ്‌മെൻ വിഭാഗത്തിലുൾപ്പെട്ടയാളാണെന്ന് ഇടുക്കി ജില്ലാ കളക്ടർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുരുഷന്മാർക്കു മാത്രമുള്ള തസ്തികയിലേക്ക് അപേക്ഷിച്ചത്. എന്നാൽ അപേക്ഷയിൽ ഈ വിഭാഗത്തിന്റെ ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താൻ കോളം ഉണ്ടായിരുന്നില്ല. തുടർന്നാണ് കെ.എ.ടിയെ സമീപിച്ച് അർജുൻ ഗീത ഇടക്കാല ഉത്തരവ് വാങ്ങിയത്. കെ.എ.ടിയുടെ ഉത്തരവ് നിയമപരമല്ലെന്നും അധികാരപരിധി മറികടന്നുള്ളതാണെന്നും പി.എസ്.സി വാദിച്ചു. എന്നാൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുടെ അവകാശസംരക്ഷണ നിയമപ്രകാരം ഇവരുടെ തൊഴിൽ അവകാശം നിഷേധിക്കരുതെന്ന അർജുൻ ഗീതയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. പുരുഷന്മാർക്കായി നീക്കിവച്ച തസ്തികയിലേക്ക് ട്രാൻസ്‌മെൻ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാൻ അവസരം നിഷേധിക്കുന്നത് അവരുടെ അവകാശസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

കെ.എ.ടിയുടെ ഇടപെടൽ ഭരണഘടനാനുസൃതവും ഈ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലുമാണെന്ന് ഹൈക്കോടതി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരെ അനാവശ്യമായി വ്യവഹാരത്തിലേക്ക് നയിക്കാതെ ഇക്കാര്യത്തിൽ സർക്കാർ പരിശോധന നടത്തണമെന്നും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.