പൊന്നിടി

Sunday 26 March 2023 2:21 AM IST

ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ട് സ്വർണം

ലോകചാമ്പ്യൻമാരായി നീതുവും സ്വീറ്റിയും

ന്യൂഡൽഹി: രാജ്യതലസ്ഥാനം വേദിയാകുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി നീതു ഗൻഖാസും സ്വീറ്റി ബൂറയും സ്വർണം സ്വന്തമാക്കി. 48 കിലോ വിഭാഗം ഫൈനലിൽ മംഗോളിയുടെ ലുട്സൈഖൻ അൾട്ടാൻസെറ്റ്സെഗിനെ ഏകപക്ഷീയമായി കീഴടക്കിയാണ് നീതു ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ കന്നിപ്പൊന്ന് സ്വന്തമാക്കിയത്. 81 കിലോഗ്രാം വിഭാഗത്തിലെ വാശിയേറിയ ഫൈനലിൽ ചൈനയുടെ വാംഗ് ലിനയെ കീഴടക്കിയാണ് സ്വീറ്റി ബൂറ പൊന്നണിഞ്ഞത്. ഇതോടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ വനിതകളുടെ എണ്ണം ഏഴായി. സ്വർണ മെഡൽ ജേതാക്കൾക്ക് 82ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.

നീ തൂഫാൻ

48 കിലോ വിഭാഗം ഫൈനലിൽ എതിരാളിയായ ലുട്സൈഖൻ അൾട്ടാൻസെറ്റ്സെഗിന് ഒരവസരവും നൽകാതെയാണ് നീതു ഗൻഘാസ് സ്വർണം ഇടിച്ചിട്ടത്. 5-0ത്തിന് തികച്ചും ഏകപക്ഷീയമായാണ് ഇരുപത്തിരണ്ടുകാരിയായ നീതു മംഗോളിയൻ താരത്തിന്റെ വെല്ലുവിളി അവസാനിപ്പിച്ചത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇതിഹാസ താരം മേരി കോമിന്റെ പകരക്കാരിയായിറങ്ങി സ്വർണം നേടി ചരിത്രമെഴുതിയ നീതു ലോകചാമ്പ്യൻഷിപ്പിലും മികവുതുടരുകയായിരുന്നു. ഹരിയാനയിലെ ഭിവാനി സ്വദേശിയായ നിതു നേരത്തേ യൂത്ത് ലോക ചാമ്പ്യൻഷിപ്പിലും നീതു സ്വർണം നേടിയിട്ടുണ്ട്. ഇത്തവണത്തെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അക്കൗണ്ടിൽ എത്തുന്ന ആദ്യ സ്വർണമായിരുന്നു നീതുവിന്റേത്. ബീജിംഗ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവും നിലവിൽ പ്രൊഫഷണൽ ബോക്സറുമായ നീതുവിന്റെ റോൾമോഡൽ വിജേന്ദർ സിംഗും ഫൈനൽ കാണാനുണ്ടായിരുന്നു.

സ്വീറ്റി ഗോൾഡ്

81 കിലോ ഗ്രാം ഫൈനലിൽ ചൈനീസ് താരം വാംഗ് ലിനയുടെ കടുത്ത വെല്ലുവിളി നേരിട്ട സ്വീറ്റി ബൂറ 4-3നാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജയിച്ചുകയറിയത്. തുടക്കത്തിൽ പിന്നിൽ നിന്ന ശേഷമാണ് സ്വീറ്റി ഇടിച്ച് മുന്നിലെത്തിയത്.നേരത്തേ 2014ലെ ലോകചാമ്പ്യൻഷിപ്പിൽ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള താരം വെള്ളിനേടിയിരുന്നു. കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വീറ്റി സ്വർണം നേടിയിരുന്നു.

ഇന്നും സുവർണ പ്രതീക്ഷ

ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസമായ ഇന്ന് ഇന്ത്യൻ സൂപ്പർ താരങ്ങളായ നിഖാത് സരിനും ലവ്‌ലിന ബൊർഗോഹെയ്നും സ്വർണം തേടിയിറങ്ങും.നിലവിലെ ലോകചാമ്പ്യൻ നിഖാത് 50 കിലോഗ്രാമിലും ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ലവ്‌ലിന 75 കിലോ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.