'റൂം ഫോർ റിവറി'ലെ മണ്ണും മണലും തോട്ടങ്ങൾക്ക് ഭാരമായി

Monday 27 March 2023 12:38 AM IST
ഗായത്രിപ്പുഴയുടെ തീരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ച മണൽ.

കൊല്ലങ്കോട്: റൂം ഫോർ റിവർ പദ്ധതിയുടെ ഭാഗമായി ഗായത്രിപ്പുഴയിലെ ചെക്ക് ഡാമുകളിൽ നിന്ന് എടുത്തുമാറ്റിയ മണ്ണും മണലും തീരത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും തോട്ടങ്ങളിലും നിക്ഷേപിച്ച് ഒരുവർഷമായിട്ടും നീക്കം ചെയ്യാത്തതിൽ പ്രതിഷേധമുയരുന്നു.

പത്തു ദിവസത്തിനുള്ളിൽ ലേലം ചെയ്ത് മാറ്റുമെന്ന റവന്യൂ വകുപ്പിന്റെ ഉറപ്പിന്മേലാണ് പലരും സ്ഥലം വിട്ടുനൽകിയത്. ഒരു വർഷം പിന്നിട്ടിട്ടും മണ്ണ് മാറ്റാനോ ലേലം ചെയ്യാനോ അധികൃതർ തയ്യാറാകുന്നില്ല. പുഴയിലെ ഏഴോളം തടയണകളിൽ നിന്ന് ടൺ കണക്കിന് മണ്ണ്, മണൽ, കളിമണ്ണ്, ചെളി ഉൾപ്പെടെയാണ് തീരത്തുള്ള കർഷകരുടെ സ്ഥലത്ത് നിക്ഷേപിച്ചത്. എടുത്തു മാറ്റാത്തത് മൂലം കർഷകർക്ക് വൃക്ഷതൈകൾ നടാനോ പച്ചക്കറി, മറ്റുവിളകൾ കൃഷി ചെയ്യാനോ കഴിയുന്നില്ല. പുഴയുടെ ഇരുകരകളിലുമുള്ള തോട്ടങ്ങളിൽ ഇത്തരത്തിൽ മണലും മണ്ണും നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ കുറ്റിക്കാട് പടർന്ന് കയറുകയും ജലാംശം വാർന്നുപോയി കട്ടയായി കിടക്കുകയുമാണ്.

എത്രയും വേഗം ലേലം ചെയ്താൽ സർക്കാറിന് നല്ലൊരു തുക വരുമാനം ലഭിക്കും. ഇതിന്റെ ഉത്തരവാദിത്യം ജില്ലാ കളക്ടർക്കായതിനാൽ ജില്ലാ ഭരണകൂടം ഇടപ്പെട്ട് എത്രയും വേഗം ലേലം ചെയ്യാനുള്ള നടപടി സ്വീകരിക്കണം.

-വെട്രിവേൽ, മടത്തുനാറ കളം, വടവന്നൂർ.