ഭൂമി തരംമാറ്റം: ഓൺലൈൻ അപേക്ഷകൾക്ക് പ്രത്യേക അദാലത്ത്

Monday 27 March 2023 12:06 AM IST

 ഏപ്രിൽ, മേയ് മാസങ്ങളിൽ

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിന് കുന്നുകൂടുന്ന ഓൺലൈൻ അപേക്ഷകളുടെ തീർപ്പാക്കൽ വേഗത്തിലാക്കാൻ ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. ഇതിനായി ആർ.ഡി.ഒ, സബ്കളക്ടർ, മറ്ര് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്കായി ശില്പശാല സംഘടിപ്പിക്കും. ഓഫ് ലൈൻ അപേക്ഷകൾ (കടലാസ് അപേക്ഷകൾ) സമയബന്ധിതമായി തീർപ്പാക്കിയ വേഗത്തിൽ ഓൺലൈൻ അപേക്ഷകളുടെ നടപടി പുരോഗമിക്കുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി കെ.രാജനാണ് പ്രത്യേക പദ്ധതി നിർദ്ദേശിച്ചത്.

ആകെ തീർപ്പായത് 32,399 ഓൺലൈൻ അപേക്ഷകളാണ്. ഇതിൽ 12,000 ത്തോളം കടലാസ് അപേക്ഷകൾക്കൊപ്പം പരിഗണിച്ചതാണ്. 2,32,508 അപേക്ഷകളാണ് മാർച്ച് 20 വരെ കിട്ടിയത്.

നവംബറിലാണ് കടലാസ് അപേക്ഷകൾ തീർപ്പാക്കലിനുള്ള പ്രത്യേക പദ്ധതി അവസാനിച്ചത്. ആകെ കിട്ടിയ 2,26,901 അപേക്ഷകളിൽ 8316 എണ്ണമൊഴികെ തീർപ്പാക്കി. ചില സാങ്കേതിക പിഴവുകൾ മൂലം പരിഗണിക്കാതിരുന്നവയാണ് ബാക്കിയായത്. 2022 ജനുവരി മുതലാണ് അപേക്ഷകൾ ഓൺലൈനാക്കിയത്.

2018 മുതൽ കഴിഞ്ഞ മാർച്ച് പകുതിവരെ ഭൂമിതരംമാറ്റ ഫീസ് ഇനത്തിൽ സർക്കാരിന് ലഭിച്ചത് 987 കോടി രൂപ. തീർപ്പാക്കലിന് താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച 990 ജീവനക്കാരുടെയും വാടകയ്ക്കെടുത്ത വാഹനങ്ങളുടെയും സേവനം ആറുമാസത്തേക്ക് കൂടി നീട്ടി. ജീവനക്കാരുടെ പുനർനിയമനം കഴിഞ്ഞെങ്കിലും പല ആർ.ഡി.ഒ ഓഫീസുകളിലും പ്രവർത്തനങ്ങൾക്ക് ഉദ്ദേശിച്ച വേഗമില്ല. പുനർനിയമനം കിട്ടിയവർക്കാവട്ടെ മൂന്ന് മാസത്തെ വേതനവും ലഭിച്ചില്ല.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നവർക്ക് ആറു മാസത്തിൽ കൂടുതൽ സ്ഥിരം ജീവനക്കാരുടേതിന് സമാനമായ സ്‌കെയിലിൽ ശമ്പളം നൽകാനാവില്ലെന്നും ദിവസ വേതനമായിട്ടേ ഇനി നൽകാനാവൂ എന്നുമാണ് ധനവകുപ്പിന്റെ നിലപാട്.

ഓൺലൈൻ അപേക്ഷകൾ

2,32,508

ആകെ കിട്ടിയത്

32,399

തീർപ്പായത്

 വരുമാനം

മൊത്തം 987 കോടി

2018 മുതൽ ലഭിച്ച

അപേക്ഷകളിലൂടെ

199 കോടി

പ്രത്യേക പദ്ധതി വഴി

''സേവനം നീട്ടിയ താത്കാലിക ജീവനക്കാരുടെ മൂന്ന് മാസത്തെ വേതനകുടിശികയ്ക്കുള്ള പണം ബന്ധപ്പെട്ട ഓഫീസുകൾക്ക് കൈമാറിയിട്ടുണ്ട്. ഡെയ്ലി വേജസ് പ്രകാരമുള്ള വേതനമാവും കിട്ടുക.

-കെ.രാജൻ, റവന്യു മന്ത്രി