പൊലീസിനെ ഭരിക്കുന്നത് സി.പി.എമ്മുകാർ: സതീശൻ

Monday 27 March 2023 12:38 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ഇത്രമാത്രം കുഴപ്പമുണ്ടാക്കിയ കാലഘട്ടം വേറെ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്നിട്ടും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ മുഖ്യമന്ത്രി ഞെളിഞ്ഞ് ഇരിക്കുകയാണ്. സി.പി.എമ്മുകാരാണ് പൊലീസിനെ ഭരിക്കുന്നത്.

തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടന്ന ക്രൂരമായ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ സി.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. സർക്കാർ തയാറായില്ലെങ്കിൽ വീണ്ടുമൊരു സമരത്തിന് കൊച്ചി സാക്ഷ്യം വഹിക്കും.

കേരളത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനം നടക്കുന്ന പൊലീസ് സ്റ്റേഷനാണ് തൃപ്പൂണിത്തുറ. സി.ഐയാണ് മർദ്ദനത്തിന് നേതൃത്വം നൽകുന്നത്. എസ്.ഐയെ മാത്രമാണ് സസ്‌പെൻഡ് ചെയ്തത്. സി.ഐ നടത്തുന്ന അക്രമം സംബന്ധിച്ച ഫയൽ കമ്മിഷണറുടെ കൈയിലുണ്ടായിട്ടും നടപടിയെടുത്തില്ല. ഉന്നതരുടെ പിന്തുണയോടെ സി.ഐയെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്.

പോക്കറ്റിൽ കൈയിട്ട് സി.ഐയുടെ മുന്നിൽ നിന്നതിന്റെ പേരിൽ 18കാരന് ക്രൂരമായ മർദ്ദനമേൽക്കേണ്ടിവന്നു.

കമ്മിഷണറെ വിളിച്ച് താൻ പരാതി ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. കമ്മിഷണറോ ഐ.ജിയോ വിചാരിച്ചാൽ സി.ഐയെ മാറ്റാൻ പറ്റില്ല. സി.ഐയെ നിയമിച്ചത് പാർട്ടി ജില്ലാ, ഏരിയാ കമ്മിറ്റികളാണ്. വഴിയാത്രക്കാരെ പിടിച്ചു മർദ്ദിക്കാനും തല്ലിക്കൊല്ലാനും പൊലീസിന് എന്ത് അധികാരമാണുള്ളത്? ഇതൊന്നും കേരളത്തിൽ അനുവദിക്കില്ല.