അരിക്കൊമ്പൻ ജീപ്പ് ആക്രമിച്ചു

Monday 27 March 2023 12:00 AM IST

മൂന്നാർ: പിടി കൂടാൻ വനംവകുപ്പ് തയ്യാറെടുപ്പുകൾ നടത്തുമ്പോഴും, അരിക്കൊമ്പൻ ആക്രമണം തുടരുന്നു. ശനിയാഴ്ച രാത്രി രാത്രി പത്തിന് ചിന്നക്കനാൽ പെരിയകനാലിന് സമീപം ദേശീയ പാതയിലിറങ്ങിയ അരിക്കൊമ്പൻ ജീപ്പ് ആക്രമിച്ചു. പൂപ്പാറ സ്വദേശികളായ നാല് പേർ സഞ്ചരിച്ചിരുന്ന ജീപ്പാണ് തലങ്ങും വിലങ്ങും കുത്തി മറിച്ചിടാൻ ശ്രമിച്ചത്. ജീപ്പിലുണ്ടായിരുന്ന നാലു പേരും കാട്ടാനയെ കണ്ടയുടൻ പുറത്തിറങ്ങി രക്ഷപ്പെട്ടു. പിന്നോട്ടെടുത്ത ജീപ്പിന്റെ പിൻ ചക്രങ്ങൾ ഓടയിലേക്ക് വീണപ്പോൾ കൊമ്പൻ വാഹനം വലിച്ചെടുത്ത് റോഡിന് കുറുകെയിട്ടു.

ആക്രമണത്തിന് ശേഷം അരിക്കൊമ്പൻ ആനയിറങ്കൽ അണക്കെട്ട് കടന്ന് ദൗത്യമേഖലയ്ക്ക് അടുത്തെത്തിയിട്ടുണ്ട്. തിരികെ പെരിയ കനാൽ എസ്റ്റേറ്റിലേക്ക് പോകാതെ കുങ്കിയാനകളെ ഉപയോഗിച്ച് തടയാനാണ് നീക്കം. ഹൈക്കോടതി താത്കാലിക സ്റ്റേ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആനയെ പിടി കൂടുന്നതിന് 29 വരെ വിലക്കുണ്ട്. 29ന് കോടതി അനുകൂല തീരുമാനമെടുക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും ദൗത്യസംഘവും. ഇതിനാവശ്യമായ വിവര ശേഖരണവും വനംവകുപ്പ് നടത്തി വരുകയാണ്.

ട്രയൽ റൺ 29ന് നടത്തുമെന്നും കോടതി വിധിക്കനുസരിച്ച് മാത്രമേ മറ്റ് നടപടികളെടുക്കൂവെന്നും ദൗത്യ സംഘ തലവനായ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ അറിയിച്ചു.