ഇനി മൃഗാശുപത്രികളിലും ഇൻഹലേഷൻ അനസ്തേഷ്യ

Monday 27 March 2023 12:00 AM IST

കണ്ണൂർ: മൃഗങ്ങളെ ശസ്ത്രക്രിയയ്ക്ക് മുമ്പായി ബോധംകെടുത്താൻ ഇൻഹലേഷൻ അനസ്തേഷ്യ സംവിധാനം മൃഗാശുപത്രികളിൽ ഒരുങ്ങുന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലാ വെറ്ററിനറി ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സംവിധാനം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഈ മൂന്ന് ആശുപത്രികളിലും നൂറോളം ശസ്ത്രക്രിയകൾ ഇതിനകം വിജയകരമായി പൂർത്തിയാക്കി.

മൃഗാശുപത്രികൾ ഹൈടെക്കാകുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. 10 ലക്ഷം രൂപയാണ് ചെലവ്. ഇതോടെ മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അപകടസാദ്ധ്യതയും പാർശ്വഫലങ്ങളും കുറവ്

ഐസോഫ്ളൂരിനൊപ്പം ഓക്സിജൻ മിശ്രിതം ചേർത്ത് മാസ്ക് മുഖേനയോ ട്യൂബ് വഴിയോ മെഷീനിന്റെ സഹായത്തോടെ ജീവികളുടെ ശരീരത്തിലേക്ക് കടത്തിവിടും. ഇങ്ങനെ നൽകുന്ന അനസ്തേഷ്യയിൽ എളുപ്പത്തിൽ മയങ്ങാനും പെട്ടെന്ന് ഉണരാനും കഴിയും.

നേരത്തെ ഇഞ്ചക്ഷൻ നൽകിയാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. ഞരമ്പുകളിലും മസിലുകളിലും കുത്തിവച്ച് നടത്തുന്ന ശസ്ത്രക്രിയയ്ക്ക് അപകടസാദ്ധ്യത ഏറെയാണ്. ഇത്തരം മരുന്നുകൾക്ക് പാർശ്വഫലങ്ങളും കൂടുതലാണ്. വൃക്ക, ഹൃദയം, കരൾ എന്നീ അവയവങ്ങൾക്ക് മാരകരോഗം ബാധിച്ച മൃഗങ്ങൾക്ക് അനസ്തേഷ്യ ഫലപ്രദമാണെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ ശ്വാസം നിലച്ചുപോയാൽ അവയെ മാറ്റാൻ വെന്റിലേറ്റർ സൗകര്യവുമുണ്ട്. അവശനിലയിലായ വെള്ളവരയൻ കടൽപരുന്തിന്റെ ശസ്ത്രക്രിയ ഈയിടെ കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ‌ ഡോ. ഷെറിൻ ബി. സാരംഗിന്റെ നേതൃത്വത്തിൽ അനസ്തേഷ്യ നൽകി വിജയകരമായി പൂർത്തിയാക്കിയിരുന്നു.

 കിഡ്നി, കരൾ രോഗങ്ങൾ ബാധിച്ച ഏതു മൃഗത്തിനും ശസ്ത്രക്രിയ ആവശ്യമാണെന്നിരിക്കെ , ഇൻഹലേഷൻ അനസ്തേഷ്യ നൽകുന്നതോടെ ഇവയുടെ ജീവൻ രക്ഷിക്കാൻ കഴിയും.

ഡോ.ടി.വി. ജയമോഹൻ,

ചീഫ് വെറ്ററിനറി ഓഫീസർ, കണ്ണൂർ

Advertisement
Advertisement