അന്താരാഷ്ട യാത്രയ്ക്കൊരുങ്ങി ആകാശ എയർ

Monday 27 March 2023 2:10 AM IST

ന്യൂഡൽഹി: ആകാശ എയർ രാജ്യാന്തര സർവീസുകൾ അടുത്തവർഷം മാർച്ചിൽ ആരംഭിക്കും. കൂടാതെ അടുത്ത വർഷത്തോടെ എയർലൈനിലെ ജീവനക്കാരുടെ എണ്ണം 3,000 ആക്കി ഉയർത്തും. നിലവിൽ രണ്ടായിരത്തോളം ജീവനക്കാരാണ് ഉള്ളത്. 1,000 പേരെക്കൂടി പുതുതായി നിയമിച്ച് ജീവനക്കാരുടെ എണ്ണം 3,000 ആക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആകാശ എയർ സിഇഒ വിനയ് ദുബെ പറഞ്ഞു. പൈലറ്റ്മരും ഫ്ലൈറ്റ് അറ്റൻഡർമാരും ഉൾപ്പെടെയായിരിക്കും നിയമനം. 2022 ഓഗസ്റ്റിൽ ആണ് ആകാശ എയർ പ്രവർത്തനമാരംഭിച്ചത്. നിലവിൽ ആഭ്യന്തര യാത്രകൾ മാത്രമാണ് നടത്തുന്നത്. 19 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കൊപ്പം 72 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി ആകാശ എയർ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്നും വിനയ് ദുബെ കൂട്ടിച്ചേർത്തു. 2027 ലേക്കുള്ള അധിക വിമാനങ്ങളുടെ കണക്കാണിത്.

അതേ സമയം അടുത്ത സാമ്പത്തിക വർഷത്തിൽ ഏഴ് അധിക വിമാനങ്ങൾ കൂടി കൂട്ടിച്ചേർത്ത് 27 വിമാനങ്ങൾ എന്ന സംഖ്യയിലേക്ക് എത്തും. സുസ്ഥിര വികസനത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ നിലവിൽ 17 റൂട്ടുകളിലായി 110 ട്രിപ്പുകൾ വിപുലീകരിച്ച് 150 ലേക്ക് ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശത്ത് പ്രവർത്തനം ആരംഭിക്കുന്നതിന് ലഭ്യമായ റൂട്ടുകളും ട്രാഫിക് അവകാശങ്ങളും ചാർട്ട് ചെയ്യുന്നതിനായി ആകാശ എയർ സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്നും വിനയ് ദുബെ കൂട്ടിച്ചേർത്തു.