അവലോൺ ടെക്നോളജീസ് പ്രാരംഭ ഓഹരി വില്പന നടത്തുന്നു

Monday 27 March 2023 2:11 AM IST

മുംബയ്: ഇലക്ട്രോണിക് നിർമാണ സേവന കമ്പനിയായ അവലോൺ ടെക്നോളജീസ് പ്രാരംഭ ഓഹരി വില്പനയിലൂടെ 865 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന ഐ.പി.ഒ ആറിന് അവസാനിക്കും. ഓഫർ ഫോർ സെയ്‌ലിലൂടെ 545 കോടി രൂപയാണ് സമാഹരിക്കുന്നത്. പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 320 കോടി രൂപയാണ് സമാഹരിക്കുക.

ഇതിനു മുൻപ് കമ്പനി 1025 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഐ.പി.ഒയ്ക്ക് മുൻപായി കമ്പനി 160 കോടി രൂപ മറ്റു നിക്ഷേപകരിൽ നിന്നുമായി സമാഹരിച്ചിരുന്നു. യു.എൻ.ഐ.എഫ് .ഐ ഫിനാൻഷ്യൽ പ്രൈവറ്റ് ലിമിറ്റഡ്, അശോക ഇന്ത്യ ഇക്വിറ്റി ഇൻവെസ്റ്റ്‌മെന്റ് ട്രൂസ്റ് എന്നിവർ യഥാക്രമം 60 കോടി രൂപ വീതവും ഇന്ത്യ അക്കോൺ ഫണ്ട് ലിമിറ്റഡ് 40 കോടി രൂപയും നിക്ഷേപിച്ചു.

ബാധ്യതകൾ തിരിച്ചടക്കുന്നതിനും, മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, മറ്റു കോർപറേറ്റ് ആവശ്യങ്ങൾക്കുമായി തുക വിനിയോഗിക്കും.ജനുവരിയിലാണ് ഐപി ഒയ്ക്കായുള്ള അനുമതി ലഭിക്കുന്നത്. 1999 ൽ സ്ഥാപിതമായ കമ്പനിക്ക് യു എസിലും , ഇന്ത്യയിലുമായി 12 നിർമാണ യൂണിറ്റുകളുണ്ട്. നടപ്പു സാമ്പത്തിക വർഷം ഇതുവരെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 840 കോടി രൂപയാണ്.