വൈറലായ ഉത്തരക്കടലാസ് ചോർച്ച; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്
തിരൂർ: മെസിയെ കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരത്തിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ നാലാം ക്ലാസ് മലയാളം ഉത്തരപേപ്പറുകൾ മൂല്യനിർണ്ണയത്തിന് മുമ്പ് പുറത്തുവന്നതിൽ വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്.
ഡി.ഡി.ഇ കെ.പി.രമേഷ് കുമാർ എ.ഇ.ഒമാർ മുഖേന തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പി സ്‌കൂൾ, നിലമ്പൂർ തണ്ണിക്കടവ് എ.യു.പി സ്‌കൂൾ പ്രാധാനാദ്ധ്യാപകരോട് വിശദീകരണം തേടിയിട്ടുണ്ട്.
അദ്ധ്യാപകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഉത്തരപേപ്പറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നാണ് അദ്ധ്യാപകരുടെ വിശദീകരണം. ചൊവ്വാഴ്ച സ്കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്തുമെന്നും മറുപടി തൃപ്തികരമല്ലങ്കിൽ അദ്ധ്യാപകർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഡി.ഡി.ഇ പറഞ്ഞു.
നാലാം ക്ലാസിലെ മലയാളം പരീക്ഷയിലെ മെസിയുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്ന ചോദ്യത്തിന് രണ്ട് വിദ്യാർത്ഥികളുടെ ഉത്തരമാണ് വൈറലായത്. മെസിയെ ഇഷ്ടമല്ലാത്തതിനാൽ ഉത്തരമെഴുതില്ലെന്നും ബ്രസീൽ ഫാൻ ആണെന്നും നെയ്‌മറിനെയാണ് ഇഷ്ടമെന്നുമാണ് പുതുപ്പള്ളി ശാസ്താ എ.എൽ.പി സ്‌കൂളിലെ പി.വി.റിസ ഫാത്തിമ എഴുതിയത്. നിലമ്പൂർ തണ്ണിക്കടവ് എ.യു.പി സ്‌കൂളിലെ വിദ്യാർത്ഥി ഉത്തരം എഴുതിയെങ്കിലും തനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നത് കൂടി എഴുതിവെച്ചു. ഈ ഉത്തരക്കടലാസുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.
ഇത്തരം ഉത്തരങ്ങൾ എഴുതുന്നത് പരീക്ഷയിൽ തെറ്റായ പ്രവണ ഉണ്ടാക്കുമെന്നും ഉത്തരപേപ്പർ പ്രചരിപ്പിച്ച അദ്ധ്യാപകർക്ക് വീഴ്ചയുണ്ടെന്ന ആക്ഷേപങ്ങളും ശക്തമാണ്. വൈറലായ ഉത്തരക്കടലാസ് കണ്ട് ബ്രസീൽ ഫാൻസ് അസോസിയേഷൻ സ്‌കൂളിലെത്തി പി.വി.റിസ ഫാത്തിമയ്ക്ക് നെയ്മറിന്റെ ജേഴ്‌സി സമ്മാനിച്ചിരുന്നു. മെസ്സിയെ തനിക്ക് ഇഷ്ടമില്ലാത്തതിനാൽ എഴുതില്ലെന്നും മാർക്ക് പോയാലും കുഴപ്പമില്ലെന്നുമാണ് റിസ പറയുന്നത്.