ടാറ്റാ റെഡ്–ഡാർക്ക് എഡിഷൻ പുറത്തിറക്കി

Monday 27 March 2023 3:28 AM IST

കൊച്ചി: ബിഎസ് 6 ഫെയ്‌സ് 2 ശ്രേണിയിലെ യാത്രാ വാഹനങ്ങളും റെഡ്–ഡാർക്ക് എഡിഷൻ എസ്‌.യു.വികളും ടാറ്റാ മോട്ടോഴ്‌സ് കൊച്ചിയിൽ അവതരിപ്പിച്ചു. ടാറ്റാ മോട്ടോഴ്‌സ് ബ്രാൻഡ് മാർക്കറ്റിംഗ് വിഭാഗം മേധാവി രവീന്ദ്ര ജെയിൻ, ടാറ്റാ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സൗത്ത് സോൺ മേധാവി ജയദീപ് ഗുപ്ത എന്നിവർ ചേർന്നാണു പുതിയ ശ്രേണിയിലെ വാഹനങ്ങൾ അവതരിപ്പിച്ചത്. നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയിലാണ് റെഡ്–ഡാർക്ക് എഡിഷൻ. പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുടെ പവർട്രെയിൻ ഓപ്ഷനുകളിൽ പുതിയ ഫീച്ചറുകളും സുരക്ഷാ– ഡ്രൈവിംഗ് സൗകര്യങ്ങളും ചേർത്തു പുതുക്കിയെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഈ ശ്രേണിയിലെ വാഹനങ്ങളിൽ സ്റ്റാൻഡേർഡ് വാറന്റി 2 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ മുതൽ 3 വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിമീ വരെ കൂട്ടി. റെഡ്– ഡാർക്ക് എസ്‌.യു.വികളുടെ എഡിഷൻ സഫാരി, ഹാരിയർ, നെക്‌സോൺ എന്നിവയ്ക്കു യഥാക്രമം 15.65 ലക്ഷം, 14.99 ലക്ഷം, 7.79 ലക്ഷം എന്നിങ്ങനെയാണു വില തുടങ്ങുന്നത്. ഈ മോഡൽ വാഹനങ്ങളുടെ പുറത്തും അകത്തും ഇരു നിറങ്ങളും ചേർത്തിരിക്കുന്നു. ഹാരിയറിലും സഫാരിയിലും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ്‌സ് സിസ്റ്റം (എ.ഡി.എ.എസ്) ഏർപ്പെടുത്തി കൂടുതൽ റോഡ് സുരക്ഷാ സംവിധാനങ്ങളൊരുക്കി. ആൾട്രോസ്, പഞ്ച്, ടിയാഗോ, ടിഗോർ, നെക്‌സോൺ മോഡലുകൾ നവീകരിച്ചുവെന്നും രവീന്ദ്ര ജെയിൻ പറഞ്ഞു.