ഇങ്ങനെയും ഇലക്ട്രിക് സ്കൂട്ടർ

Monday 27 March 2023 2:30 AM IST

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ആവശ്യക്കാർ കൂടുകയാണ്. അതുകൊണ്ടുതന്നെ കമ്പനികളും നിരവധി ഫീച്ചറുകളുമായാണ് പുതിയ മോഡലുകൾ ഇറക്കുന്നത്. ഇലക്ട്രിക് വാഹന വ്യവസായത്തിലെ പ്രമുഖരായ ബിഗൗസ് കമ്പനി BG C12 EV സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുന്നു. റിവേഴ്‍സ് മോഡ് ഓപ്ഷനിൽ മണിക്കൂറിൽ മൂന്ന് കിലോമീറ്റർ വേഗതയിൽ നീങ്ങുന്ന സവിശേഷതയാണ് ഇതിന്റേത്.

കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, ഒരിക്കൽ പൂർണമായി ചാർജ് ചെയ്താൽ 143 കിലോമീറ്റർ റേഞ്ച് കിട്ടും. 2500 W മോട്ടോർ ഉണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത നൽകുന്നു. എട്ട് സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ വേഗത കൈവരിക്കും. പൂർണമായി ചാർജ് ചെയ്യാൻ ആറ് മണിക്കൂർ എടുക്കും. ഉയരം 1190 മില്ലിമീറ്ററാണ്. ട്യൂബ്‌ലെസ് ടയറുകൾ ആണ് നൽകിയിരിക്കുന്നത്, സ്‌കൂട്ടറിന് മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ ഉണ്ട്. നിലവിൽ നാല് മോഡലുകൾ വിപണിയിൽ ബിഗൗസ് അവതരിപ്പിച്ചിട്ടുണ്ട്. 76,​199 രൂപ മുതൽ 1,​04,​999 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില.