ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം, തീ പടർന്നത് സെക്ടർ ഏഴിൽ

Monday 27 March 2023 11:50 PM IST


തൃക്കാക്കര: ബ്രഹ്‌മപുരത്തെ പ്ളാസ്റ്റിക് മാലിന്യത്തിന് ഇന്നലെ വൈകിട്ട് നാലുമണിയോടെ വീണ്ടും തീപിടിച്ചു. സ്വീവേജ് പ്ലാന്റിന് സമീപം സെക്ടർ ഏഴി​ലാണ് കനത്ത പുകയോടെ തീ ആളിപ്പടർന്നത്. തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധിനഗർ, മുളന്തുരുത്തി സ്റ്റേഷനുകളിൽ നിന്ന് പത്ത് ഫയർ യൂണിറ്റുകൾ എത്തി നാലുമണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്.

ഫയർ ഫോഴ്സിന്റെ നാല് യൂണിറ്റ് സ്ഥലത്ത് സ്ഥിരം ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരു ഫയർ ഓഫീസറും 17 ജീവനക്കാരും രണ്ട് ഷിഫ്റ്റിലായി രാപ്പകൽ ഡ്യൂട്ടിയിലുണ്ട്. പ്ലാന്റിൽ കഴിഞ്ഞ ദിവസം തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ പി.വി. ബേബിയുടെ അന്വേഷണ സംഘം ഇക്കോടെക് സ്റ്റാക്ക് സാമ്പിൾ മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മാലിന്യത്തിനുള്ളിലെ ഊഷ്മാവ് ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. തീപിടിത്ത സാദ്ധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

ആശങ്ക വേണ്ട: കളക്ടർ

വീണ്ടും തീപിടിച്ചെങ്കി​ലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സെക്ടർ ഏഴിൽ ചെറിയ പ്രദേശത്താണ് തീ പിടിച്ചത്. നിയന്ത്രണ വിധേയമാണെന്ന് അഗ്നിരക്ഷാ വിഭാഗവും അറിയിച്ചു. ഫയർ വാച്ചർമാർ ഉള്ളതിനാൽ തീപിടിച്ചാലുടൻ നടപടി​കൾ ആരംഭി​ക്കാം. റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Advertisement
Advertisement