വൈക്കം സത്യഗ്രഹം നവോത്ഥാന നായകരുടെ ഛായാചിത്ര യാത്രയ്ക്ക് ഇന്ന് തുടക്കം

Monday 27 March 2023 12:04 AM IST

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ നഗരിയിലേക്ക് നവോത്ഥാന നായകരുടെ ഛായാചിത്രവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന കേരള നവോത്ഥാന സ്മൃതിയാത്ര ഇന്ന് വൈകിട്ട് 5 ന് അരുവിപ്പുറത്ത് നിന്ന് പുറപ്പെടും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ.പി.സി.സി ഭാരവാഹികളും സാംസ്‌കാരിക നായകരും പങ്കെടുക്കും. നെയ്യാറ്റിൻകര സനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എം.വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികൾ സംഘടിപ്പിക്കുക. മുൻ എം.എൽ.എ ടി.ശരത്ചന്ദ്രപ്രസാദ് ചെയർമാനായ കമ്മിറ്റിക്കാണ് മേൽനോട്ടം.

ജാഥ ആദ്യദിവസം മഹാത്മാഗാന്ധി സന്ദർശിച്ച നെയ്യാറ്റിൻകര ജി. ആർ പബ്ലിക് സ്‌കൂളിൽ എത്തിച്ചേരും. 28ന് മഹാത്മാ അയ്യങ്കാളിയുടെ വെങ്ങാനൂരിലെ സ്മാരകം സന്ദർശിക്കും. പൊതുസമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും.

വിവിധ കമ്മിറ്റികളുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം എം.എസ്.കെ നഗറിലെ അയ്യാവൈകുണ്ഠരുടെ സ്മാരകം സന്ദർശിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിലും കേരളകൗമുദിയുടെ മുന്നിൽ തയ്യാറാക്കിയ സി.വി. കുഞ്ഞുരാമന്റെ ഛായാചിത്രത്തിലും പുഷ്പാർച്ചന. തുടർന്ന് കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി സ്മാരക സന്ദർശനം.

കുമാരപുരം വൈദ്യുതിഭവൻ, പട്ടം, കേശവദാസപുരം, മണ്ണന്തല, വട്ടപ്പാറ വെമ്പായം വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്മൃതി യാത്രയ്ക്ക് സ്വീകരണം നൽകും.

Advertisement
Advertisement