മായാത്ത ചിരി, ഇന്നസെന്റ് ഓർമ്മയായി, സംസ്കാരം നാളെ രാവിലെ ഇരിങ്ങാലക്കുടയിൽ
കൊച്ചി / തൃശൂർ: അഞ്ചു പതിറ്റാണ്ടിലേറെ നർമ്മവും ഗൗരവവും നിറഞ്ഞ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടനും മുൻ പാർലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. ലേക്ഷോർ ആശുപത്രിയിൽ ഇന്നലെ രാത്രി 10.30 നായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടത്തും.
മാർച്ച് രണ്ടിനാണ് ഇന്നസെന്റിനെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്നങ്ങൾ ബാധിച്ചിരുന്നു. വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ നില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതിന് ഇന്നസെന്റിനെ ചികിത്സിക്കുന്ന കാൻസർ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അതീവഗുരുതരമായതിനാൽ ജീവൻ നിലനിറുത്തിയിരുന്ന എക്സ്ട്രാകോർപ്പറിയൽ മെമ്പറൻസ് ഓക്സിജനേഷൻ (ഇ.സി.എം.ഒ) സംവിധാനം നീക്കാൻ 10 മണിയോടെ തീരുമാനിച്ചു. 10.30ന് മരണം സ്ഥിരീകരിച്ചു. മരണവിവരമറിഞ്ഞ് താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ ആശുപത്രിയിലെത്തി.
മൃതദേഹം ഇന്ന് രാവിലെ 8ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. 11ന് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് 5ന് വീട്ടിലെത്തിക്കും. 2013ൽ തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് കീമോതെറാപ്പിക്ക് വിധേയനായി. സുഖം പ്രാപിച്ച ശേഷം സിനിമയിൽ സജീവമായി. പിന്നീട് മൂന്നുതവണ കാൻസർ രോഗം അലട്ടിയെങ്കിലും ചിരിച്ച മുഖത്തോടെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. 18 വർഷം ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. 2014 മേയിൽ എൽ.ഡി.എഫിന്റെ പിന്തുണയോടെ ചാലക്കുടിയിൽ നിന്ന് പാർലമെന്റിലെത്തി. 2019ൽ ബെന്നിബെഹ്നാനോട് പരാജയപ്പെട്ടു. മുമ്പ് ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറുമായിരുന്നു.
700ലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം, പകർന്നാടിയ ചെറുതും വലുതുമായ വേഷങ്ങൾ ജീവസ്സുറ്റതും വ്യത്യസ്തങ്ങളുമായിരുന്നു. ഹാസ്യനടനിൽ നിന്ന് സ്വഭാവനടനായും പ്രതിനായകനും നായകനുമായി വളർന്നു.
1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. പിന്നീട് ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണകമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുമ്പേ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിദ്ധിഖ് ലാൽ, അനിൽബാബു, കമൽ, സിബി മലയിൽ, ഐ.വി. ശശി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക മുൻനിര സംവിധായകരുടെ ചിത്രങ്ങളിലൂടെ നിറഞ്ഞാടി.
മഴവിൽക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സസ്നേഹം, നമ്പർ 20 മദ്രാസ് മെയിൽ, മാലയോഗം, റാംജിറാവ് സ്പീക്കിംഗ്, ദേവാസുരം, വേഷം, മാന്നാർ മത്തായി സ്പീക്കിംഗ്, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, ഗജകേസരിയോഗം, ഡോക്ടർ പശുപതി, രാവണപ്രഭു, മനസ്സിനക്കരെ, മിഥുനം, കിലുക്കം, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളിൽ നിറഞ്ഞുനിന്നു. 1948 ഫെബ്രുവരി 28ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ആലീസാണ് ഭാര്യ. ഏകമകൻ; സോണറ്റ്. മരുമകൾ: രശ്മി. പേരമക്കൾ: ഇന്നസെന്റ് ജൂനിയർ, അന്ന.
പുരസ്കാരങ്ങൾ, പുസ്തകങ്ങൾ
സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം (മഴവിൽക്കാവടി), കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം (പത്താം നിലയിലെ തീവണ്ടി), സത്യൻ പുരസ്കാരം, ഹാസ്യസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് (ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും). ഞാൻ ഇന്നസെന്റ് , കാൻസർ വാർഡിലെ ചിരി, മഴക്കണ്ണാടി, ചിരിക്ക് പിന്നിൽ, കാലന്റെ ഡൽഹി യാത്ര അന്തിക്കാട് വഴി, ഇന്നസെന്റിന്റെ ഓർമ്മക്കുറിപ്പുകളും ആലീസിന്റെ പാചകവും തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'കാൻസർ വാർഡിലെ ചിരി" ഇതര ഭാഷകളിലേക്ക് മൊഴിമാറ്റി.