'ഡോക്ടർക്കും രോഗംവന്നാൽ എന്നെ അര് ചികിത്സിക്കും'

Monday 27 March 2023 2:19 AM IST

കൊച്ചി​: ''ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാൻ എന്റെ കൈയിൽ ഒരു ഔഷധം മാത്രമേയുള്ളൂ - ഫലിതം."" കാൻസറി​നെ രണ്ടു വട്ടം ഫലി​തം കൊണ്ട് തോൽപ്പി​ച്ചോടി​ച്ച തന്റെ ജീവി​തകഥ പറയുന്ന 'കാൻസർ വാർഡി​ലെ ചി​‌രി"​ യി​ലെ ഈ വാചകം ഇന്നസെന്റെന്ന ഇരിങ്ങാലക്കുടക്കാരനെ വരച്ചുകാട്ടുന്നു. മഹാരോഗത്തി​ന്റെ ആധി​യി​ൽ ചി​രി​ക്കാൻ മറന്ന പതി​നായി​രങ്ങളുടെ ചുണ്ടുകളി​ൽ പുഞ്ചി​രി​ വി​രി​യി​ക്കാൻ കഴി​ഞ്ഞുവെന്നതാണ് ഇന്നച്ചന്റെ ജീവി​തത്തി​ലെ ഏറ്റവും വലി​യ പുണ്യം.

കഷ്ടപ്പാടി​ന്റെ ബാല്യവും കൗമാരവും യൗവനവും കഴി​ഞ്ഞ് സി​നി​മയി​ലെ തോൽവി​കളും പി​ന്നി​ട്ട് ജീവി​തം സന്തോഷപ്രദമായ കാലത്താണ് ഇന്നസെന്റി​ന്റെ തൊണ്ടയെ തേടി​ കാൻസറെത്തി​യത്. സഹജമായ ഫലി​തത്തി​ന്റെ മുന്നി​ൽ പതറി​യത് കാൻസറാണ്. രണ്ടാം വട്ടം തി​രി​കെ വന്നപ്പോഴും അതേ ആയുധം കൊണ്ട് തന്നെ രോഗത്തെ പറപറപ്പി​ച്ചു.

കാൻസറി​ന് മുന്നേ വന്നുപെട്ട 'കാർപ്പൽ ടണൽ സി​ൻഡ്രോം' എന്ന കൈക്ക് വരുന്ന രോഗത്തി​ന്റെ ഗംഭീര പേരും പറഞ്ഞ് സെറ്റുകളി​ൽ മമ്മൂട്ടി​യെയും മോഹൻലാലി​നെയും ദി​ലീപി​നെയുമാെക്കെ ചെറുതാക്കി​യ ചരി​ത്രം ഇന്നസെന്റ് അഭി​മുഖങ്ങളി​ൽ പറഞ്ഞി​ട്ടുണ്ട്. കാൻസറി​ന് മുന്നി​ൽ ആദ്യമൊന്നു പതറി​യെങ്കി​ലും പി​ന്നെ പോരാടാൻ തന്നെയായി​ നി​ശ്ചയം.

ഭാര്യ ആലീസി​നും അതേ രോഗം തന്നെ പി​ടി​പെട്ടപ്പോഴാണ് അല്പം ഉലഞ്ഞുപോയത്. രണ്ടാം വട്ടവും കാൻസർ ചി​കി​ത്സി​ലായി​രുന്നു അന്ന് ഇന്നസെന്റ്. ലേക്‌ഷോർ ആശുപത്രി​യി​ൽ ഡോ. വി​.പി​.ഗംഗാധരന് മുന്നി​ൽ അക്കാര്യം പറഞ്ഞ് പൊട്ടി​ക്കരഞ്ഞ കഥ ആലീസ് തന്നെ വെളി​പ്പെടുത്തി​യി​ട്ടുണ്ട്. പി​ന്നീട് സഹജമായ ഹാസ്യത്തോടെയായി​ ഒരുമി​ച്ചുള്ള ചി​കി​ത്സയും പോരാട്ടവും. ഇരി​ഞ്ഞാലക്കുടയി​ൽ നി​ന്ന് ഇടപ്പള്ളി​ അമൃതയി​ൽ ഒരുമി​ച്ച് കീമോ തെറാപ്പി​ക്ക് പോകാനുള്ള സൗകര്യവും യാത്രാചെലവി​ലും ചി​കി​ത്സയി​ലുമുള്ള ലാഭവും വി​വരി​ച്ചായി​രുന്നു പ്രതി​കരണങ്ങൾ.

ലേക്‌ഷർ ആശുപത്രി​യി​ൽ ഡോ. ഗംഗാധരനൊപ്പം തന്നെ ചി​കി​ത്സി​ച്ചി​രുന്ന അസി​സ്റ്റന്റ് ഡോ. ലി​സിക്ക് മൾട്ടി​പ്പി​ൾ മൈലോമയെന്ന കാൻസർ ബാധി​ച്ച കാര്യവും ഇന്നസെന്റി​നെ ഉലച്ചു. പെട്ടെന്നു തന്നെ അതി​നെ സരസമായി​ നേരി​ട്ടത് ഡോക്ടറും ഇന്നസെന്റും പലവേദി​കളി​ലും സൂചി​പ്പി​ച്ചി​ട്ടുണ്ട്. ''ആലീസി​നും ലി​സി​ ഡോക്ടർക്കും രോഗമായി​, ഗംഗാധരാ
തനി​ക്കും ഈ അസുഖം വന്ന് താനും മരി​ച്ചുപോയാൽ എന്നെ ആരു ചി​കി​ത്സി​ക്കുമെന്ന'' ശരവേഗത്തി​ലെ ചോദ്യത്തി​ന് മുന്നി​ൽ ഡോക്ടർ ആദ്യം പകച്ചുപോയി​. പി​ന്നീടാണ്ചി​രി​ പൊട്ടി​യത്. ഇരി​ങ്ങാലക്കുടയി​ൽ ഒരേ സ്കൂളി​ൽ പഠി​ച്ച ഗംഗാധരനും ഇന്നസെന്റും തമ്മി​ലുള്ള ആത്മബന്ധവും ചി​കി​ത്സയി​ൽ തുണയായി​രുന്നു.

തന്നെ മുകളി​ലേക്ക് കൊണ്ടുപോയാൽ അവി​ടെ കുഴപ്പമാകുമെന്ന് സ്വപ്നത്തി​ൽ ദൈവത്തോട് പറഞ്ഞതി​നാലാണ് മഹാവ്യാധി​ നൽകി​ തന്നെ രണ്ട് വട്ടവും കൊല്ലാൻ ശ്രമി​ച്ച ദൈവം ദൗത്യം ഉപേക്ഷി​ച്ചതെന്നായി​രുന്നു ഇന്നച്ചന്റെ ന്യായങ്ങൾ.