ഇതുതാൻ പ്രിൻസിപ്പൽ; വിദ്യാർത്ഥിയെ ഗ്രൗണ്ടിൽ നിന്ന് പൊക്കി പരീക്ഷ എഴുതിച്ചു, അന്വേഷിച്ചെത്തിയത് സ്വന്തം കാറിൽ, നടന്നത് സിനിമയെ വെല്ലും സംഭവം

Monday 27 March 2023 10:49 AM IST

നെയ്യാറ്റിൻകര: ഒരു പ്രധാനാദ്ധ്യാപകൻ എങ്ങനെയാകണമെന്നതിന് ഉദാഹരണമായി നെയ്യാറ്റിൻകര വിദ്യാധിരാജ വിദ്യാനിലയം സ്കൂളിലെ പ്രിൻസിപ്പൽ ഋഷികേശൻ. പ്ലസ് ടു പരീഷയെഴുതാൻ എത്താതിരുന്ന വിദ്യാർത്ഥിയെ കളിക്കളത്തിലെത്തി കൂട്ടിക്കൊണ്ടുവന്നാണ് അദ്ധ്യാപകൻ പരീക്ഷ എഴുതിപ്പിച്ച് മാതൃകയായത്. ഇരുമ്പിൽ സ്വദേശിയായ ബയോളജി സയൻസ് വിഭാഗം വിദ്യാർത്ഥിയാണ് പ്രിൻസിപ്പലിന്റെ കരുതലറിഞ്ഞത്.

സംഭവം ഇങ്ങനെ: ശനിയാഴ്ച രാവിലെ 10.30നായിരുന്നു ഫിസിക്സ് പരീക്ഷ. രാവിലെ പരീക്ഷ ക്രമീകരണത്തിനെത്തിയ അദ്ധ്യാപകരാണ് കഴിഞ്ഞ പരീക്ഷകളെഴുതിയ ഇരുമ്പിൽ സ്വദേശിയായ വിദ്യാർത്ഥി എത്തിയിട്ടില്ലെന്ന് മനസിലാക്കിയത്. അപ്പോൾ സമയം 9.30. പിന്നെ ഒട്ടും വൈകിയില്ല, വിവരം പ്രിൻസിപ്പലിനെ അറിയിച്ചു. മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. പ്രദേശവാസിയായ അദ്ധ്യാപികയുടെ സഹായത്തോടെ കുട്ടിയുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും അവിടെയാരുമില്ലെന്ന വിവരം ലഭിച്ചു. തുടർന്ന് സ്വന്തം കാറിൽ വിദ്യാർത്ഥിയെ തിരക്കി പ്രിൻസിപ്പലിറങ്ങി.

വീടിന്റെ സമീപത്ത് അന്വേഷിച്ചപ്പോൾ മാതാപിതാക്കൾ ജോലിക്ക് പോയെന്നറിഞ്ഞു. അയൽവാസികളാണ് കുട്ടി കളിക്കാൻ പോയിരിക്കാമെന്ന സംശയം പറഞ്ഞത്. തുടർന്ന് സമീപത്തെ കളിയിടത്തിൽ നിന്ന് വിദ്യാർത്ഥിയെ കണ്ടെത്തി. സമയം പാഴാക്കാതെ നിന്ന വേഷത്തിൽ തന്നെ കുട്ടിയെ വാഹനത്തിൽ കയറ്റി പേനയും വാങ്ങി നൽകി, പരീക്ഷാഹാളിലെത്തിച്ച് കൃത്യസമയത്ത് പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു. ശനിയാഴ്ച ആയതിനാൽ പരീക്ഷ കാണില്ലെന്ന് വിചാരിച്ച് കളിക്കാൻ പോയെന്നാണ് വിദ്യാർത്ഥിയുടെ ഭാഷ്യം.

Advertisement
Advertisement