അവസരം ചോദിച്ച് ചെല്ലുന്നിടത്തുനിന്നെല്ലാം പറയുന്നത് ഒരേ കാര്യം, സഹികെട്ട് ഒറ്റക്കാര്യം ചോദിച്ച് ഇന്നസെന്റ് മൈസൂരുവിലേക്ക് വണ്ടി കയറി; ആദ്യമായി ലഭിച്ച പ്രതിഫലം എത്രയാണെന്നറിയോ?

Monday 27 March 2023 11:39 AM IST

കൊച്ചി: സിനിമയോട് അത്രയേറെ ഇഷ്ടമായിരുന്നു ഇന്നസെന്റിന്. തുടക്കകാലത്ത് അവസരം ചോദിച്ച് ഒരുപാട് അലഞ്ഞിട്ടുണ്ട്. ആദ്യചിത്രമായ നൃത്തശാലയിൽ 30 രൂപയാണ് പ്രതിഫലമായി ലഭിച്ചത്. നെല്ലിന് 1500 രൂപ. അക്കാലത്ത് ഒരു ദിവസത്തെ വർക്കിന് 15 രൂപയാണ് പ്രഖ്യാപിത നിരക്ക്. ഡയലോഗ് ഉണ്ടെങ്കിൽ പത്തു രൂപ കൂടി കിട്ടും. ഫുട്‌ബോൾ ചാമ്പ്യൻ എന്ന ചിത്രത്തിൽ തനിക്കൊരു ഡയലോഗ് ഉണ്ടെന്നും ഈ ഇനത്തിൽ പത്തുരൂപ കിട്ടാനുണ്ടെന്നും ചിത്രത്തിന്റെ നിർമ്മാതാവിനോടും സംവിധായകനോടും ഇന്നസെന്റ് പരാതി പറഞ്ഞു.

സംവിധായകനും നിർമ്മാതാവും സ്‌ക്രിപ്റ്റ് അരിച്ചു പെറുക്കി ഡയലോഗ് കണ്ടെത്തി. വിജയനെവിടെ ... ? എന്നതായിരുന്നു ഡയലോഗ്. ചിത്രത്തിന്റെ നിർമ്മാതാവ് ടി.ഇ. വാസുദേവൻ അപ്പോൾ തന്നെ പത്തു രൂപ എടുത്തു നൽകിയെന്നും ഇന്നസെന്റ് അനുസ്മരിച്ചിരുന്നു. ഫുട്‌ബോൾ താരം ഐ.എം. വിജയനെ കാണുമ്പോഴൊക്കെ ഈ ഡയലോഗിന്റെ കഥ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

നെല്ല് എന്ന ചിത്രം വരെ മദ്രാസിൽ തുടർന്നു. പിന്നീട് അവസരങ്ങൾ കുറഞ്ഞതോടെ പട്ടിണി ജീവിതത്തിലേക്ക് കടന്നുവന്നു. മലയാള സിനിമ വെട്ടിപ്പിടിച്ചേ അടങ്ങൂവെന്ന വാശിക്ക് ക്ഷീണം തട്ടി. അവസരം ചോദിച്ചെത്തുന്ന സിനിമാ കമ്പനികളിൽ നിന്നൊക്കെ കടലാസ് പണി നടക്കുന്നതേയുള്ളൂ, പിന്നെ വാ എന്ന മറുപടി. ഒരിക്കൽ സഹികെട്ടു ചോദിച്ചു. അല്ല ഇവിടെ ഇത്രേം കടലാസ് പണി നടക്കാൻ ഇതെന്തോന്ന് പ്രസാണോ? അവർ അടിച്ചില്ലെന്നേ ഉള്ളൂ. അതോടെ മൈസൂരിലുണ്ടായിരുന്ന ചേട്ടൻ സ്റ്റാൻസിലാവോസിന്റെ അടുത്തേക്ക് വണ്ടി കയറി.

പിന്നീട് എൺപതുകളുടെ തുടക്കത്തിലാണ് വീണ്ടും സിനിമയെന്ന മായിക ലോകത്തേക്ക് ഇന്നസെന്റ് തിരിച്ചുവന്നത്. മോഹൻ സംവിധാനം ചെയ്ത കൊച്ചു കൊച്ചു തെറ്റുകൾ, നിർമ്മാതാവിന്റെ മേലങ്കി കൂടി അണിഞ്ഞ വിട പറയും മുമ്പേ, ഓർമ്മയ്ക്കായി തുടങ്ങിയ ചിത്രങ്ങൾ ഇന്നസെന്റിനെ ശ്രദ്ധേയനാക്കി.