ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ മൂന്നുപേർക്ക് തടവുശിക്ഷ; 110 പ്രതികളെ വിട്ടയച്ചു

Monday 27 March 2023 12:21 PM IST

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പ്രതികൾക്ക് തടവ്ശിക്ഷ വിധിച്ച് കോടതി. കേസിൽ 88ാം പ്രതിയായ ദീപക്കിന് മൂന്ന് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 18ാം പ്രതി സി.ഒ.ടി നസീർ, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. അഞ്ച് വർഷം നീണ്ട വിചാരണ നടപടികൾക്ക് ശേഷം കണ്ണൂർ സെഷൻസ് കോടതിയാണ് കേസിൽ ഇവർ മൂവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2013 ഒക്‌ടോബർ 27ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടത്തുകയും കണ്ണൂരിൽ കാൽടെക്‌സ് മുതൽ പൊലീസ് ക്ളബ് വരെ മാർഗതടസമുണ്ടാക്കി മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ചു എന്നുമാണ് കേസ്. മുഖ്യമന്ത്രിയുടെ വാഹനത്തെയും അകമ്പടി പൊലീസ് വാഹനങ്ങളെയും ആക്രമിച്ച സംഘം കല്ല്, മരവടി. ഇരുമ്പുവടി എന്നിവ വാഹനത്തിന് നേരെ എറിഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലത്‌വശം വഴി മുദ്രാവാക്യം വിളിച്ചെത്തിയ സംഘത്തിന്റെ കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകരുകയും ഉമ്മൻചാണ്ടി, ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ കെ.സി ജോസഫ്, ടി.സിദ്ദിഖ് എന്നിവർ‌ക്കും പരിക്കേറ്റു. വാഹനം തകർത്ത വകയിൽ അഞ്ച് ലക്ഷം രൂപ നഷ്ടമുണ്ടായതായാണ് കേസിലെ കുറ്റപത്രത്തിൽ പറയുന്നത്. മുൻ എംഎൽഎ കെ.കെ നാരായണൻ അടക്കം 113 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ 110 പേരെ കോടതി വെറുതെവിട്ടു. പ്രതികളിൽ തലശേരി സ്വദേശിയായ സി.ഒ.ടി നസീർ,ചാലാട് സ്വദേശി ദീപക്ക് എന്നിവരെ പാർട്ടി പുറത്താക്കുകയും ചെയ്‌തിരുന്നു.