ആലീസേ, ഞാൻ ചത്തോ! ആ ഫ്‌ളക്‌സ് ബോർഡ് കണ്ട ഇന്നസെന്റ് അക്ഷരാർത്ഥത്തിൽ ഞെട്ടി, ഉടൻ എം എൽ എയോട് ഒരു ചോദ്യവും പാസാക്കി
ചാലക്കുടി: ക്രിമറ്റോറിയത്തിന് മുകളിൽ ഉദ്ഘാടകന്റെ തലപ്പടം കണ്ട ഇന്നച്ചൻ യാഥാർത്ഥത്തിൽ അന്നു ഞെട്ടിയോ ?ഇതുമായി ബന്ധപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ നർമ്മ സംഭാഷണം പിന്നീട് പ്രമാദമായെന്നു മാത്രമല്ല, അമേരിക്കവരെ എത്തുകയും ചെയ്തു. പക്ഷെ, ചാലക്കുടിക്കാരുടെ മനസിൽ ഇന്നും ആ ചോദ്യം അവശേഷിക്കുന്നുണ്ട്. കുന്നപ്പിള്ളിയിലെ പഞ്ചായത്ത് ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയ സന്ദർഭത്തിലായിരുന്നു എം.പി ഇന്നസെന്റിന്റെ പ്രമാദമായ ആ നർമ്മ സംഭാഷണം.
എറണാകുളത്തേയ്ക്ക് കാറിൽ യാത്ര ചെയ്തിരുന്ന താൻ വഴിയോരത്തെ ഫ്‌ളക്‌സ് ബോർഡ് കണ്ടുഞെട്ടി. ക്രിമറ്റോറിയത്തിനടുത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന തന്റെ ചിത്രം. ആരായാലും അന്തം വിടും. തൊട്ടരികിലിരുന്നു ഭാര്യയെ അതുകാട്ടികൊടുത്ത് ആലീസേ, ഞാൻ ചത്തോ എന്നു ചോദിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. ഇതുകേട്ട് ക്രിമറ്റോറിയം ഉദ്ഘാടനത്തിനെത്തിയ ജനം ഇളകിമറിഞ്ഞു.
എന്തിന്റെയായാലും ഉദ്ഘാടന ശേഷം ജനങ്ങൾക്ക് ഉപകരിക്കട്ടെയെന്നു പറഞ്ഞാൽ ഇതിൽ പലരുമെന്നെ വെറുതെ വിടില്ല. മുന്നിലിരിക്കുന്ന തലനരച്ചവരെ നോക്കിയുള്ള കൂട്ടിച്ചേർക്കലും കൂടിയായപ്പോൾ അവിടെ ചിരിയുടെ മലപ്പടക്കത്തിനു തിരികൊളുത്തുകയായിരുന്നു. നീയായിരിക്കും തങ്ങളേക്കാളും മുമ്പ് പെട്ടിയിൽ കയറുകയെന്ന് കാരണവന്മാർ മനസിൽ പറയുന്നുണ്ടെന്നും ഇന്നച്ചന്റെ തുടർന്നുള്ള വാക്കുകളും മേലൂരിലെ ജനങ്ങൾക്ക് ചിരിയടക്കാനായില്ല. ബി.ഡി. ദേവസി എം.എൽ.എയ്ക്കുമുണ്ടായി ഇന്നച്ചന്റെ വകയൊരു തട്ട്. ഇതിനായിരുന്നോ ഇയാൾ തന്റെ പണവും വാങ്ങി വേണ്ടാത്തതൊക്ക നിർമ്മിച്ച് മരിച്ചവരുടെ ഉദ്ഘാടനത്തിനു വിളിച്ചുകൊണ്ടുവന്നത്. ഇതൊന്നും ഇവിടംകൊണ്ടു അവസാനിച്ചില്ല. പിന്നീട് പല വേദികളിലും അദ്ദേഹം ഇതുപങ്കിട്ടു. ഒടുവിൽ അമേരിക്കയിലെ ഒരു പരിപാടിയിലും ഇതെത്തി.