'കേരളത്തിൽ ഒരു ബിജെപിയുടെയും ആവശ്യമില്ല, ഇവിടെ ഞങ്ങളും എൽഡിഎഫും തമ്മിലാണ് രാഷ്‌ട്രീയമായുള്ള ഏറ്റുമുട്ടൽ'; നിലപാട് വ്യക്തമാക്കി വി ഡി സതീശൻ
നിയമസഭാ സമ്മേളനകാലത്തടക്കം കേരള സമൂഹം ചർച്ച ചെയ്‌ത വിവിധ വിഷയങ്ങളിൽ തന്റെയും മുന്നണിയുടെയും നിലപാട് വ്യക്തമാക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൗമുദി ടി.വിയിലെ സ്‌ട്രെയിറ്റ് ലൈനിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിക്കുന്നത്. സഭയിൽ ചോദ്യങ്ങളുന്നയിക്കുക എന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. അത് കളഞ്ഞുകുളിച്ചാൽ പോയ തലമുറയോടും വരാനിരിക്കുന്ന തലമുറയോടും ചെയ്യുന്ന അനീതിയാണെന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.
ലൈഫ് മിഷൻ വിഷയത്തിൽ മുഖ്യമന്ത്രിയ്‌ക്ക് നേരിട്ട് പങ്കുണ്ടെന്ന ആരോപണം പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. 'ബ്രഹ്‌മപുരം പ്രശ്‌നത്തിലും ലൈഫ് മിഷൻ അഴിമതിയിലും മുഖ്യമന്ത്രിയ്‌ക്ക് നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിയ്‌ക്കും അദ്ദേഹത്തിന്റെ ഓഫീസിനും അതിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവാധികാരത്തോടെയിരുന്നയാൾ ഇപ്പോൾ ആ കേസിൽ ജയിലിൽ കിടക്കുന്നു.' പ്രതിപക്ഷനേതാവ് പറഞ്ഞു.
കേരളത്തിൽ പൊളിറ്റിക്കലായി ഏറ്റുമുട്ടൽ എൽഡിഎഫും തങ്ങളും തമ്മിലാണ്. ഇവിടെ ഒരു ബിജെപിയുടെ ആവശ്യമില്ലെന്ന് വി.ഡി സതീശൻ പറയുന്നു. കേരളത്തിലെ എൽഡിഎഫിന്റെ നയം കോൺഗ്രസ് വിരുദ്ധതയാണ്. ഇന്ത്യയിൽ കോൺഗ്രസ് മുക്തഭാരതം കൊണ്ടുവരണമെന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇക്കാരണത്താൽ എൽഡിഎഫുമായി ബിജെപി കേരളത്തിൽ കോംപ്രമൈസായെന്ന് വി.ഡി സതീശൻ ആരോപിച്ചു.