ടൈഫോയ്ഡ് വാക്‌സിൻ കാരുണ്യ വഴി, 98 രൂപ, കേരളകൗമുദി വാർത്തയെ തുടർന്ന് നടപടി

Tuesday 28 March 2023 4:01 AM IST

 കേരളകൗമുദി വാർത്തയെ തുടർന്ന് നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ടൈഫോയ്ഡ് വാക്സിൻ പൂഴ്ത്തിവച്ച് സ്വകാര്യ മരുന്ന് വില്പനശാലകൾ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് തടയാൻ, പോളിസാക്കറൈഡ് വാക്‌സിൻ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കാൻ സർക്കാർ നടപടി. 98 രൂപയ്ക്കാകും ലഭ്യമാക്കുക. ഭാരത് ബയോടെക്കിൽ നിന്നും ഒരു ‌ഡോസിന് 90 രൂപ നിരക്കിൽ 25000 ഡോസ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങി. എട്ട് രൂപ കാരുണ്യകൾക്ക് സർവീസ് ചാർജായി ഈടാക്കാം.

ടൈഫോയ്ഡ് വാക്‌സിന്റെ മറവിൽ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് കേരളകൗമുദി ഫെബ്രുവരി 12ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടി. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയപ്പോഴാണ് അതിനായി ടൈഫോയ്ഡ് വാക്‌സിൻ ആവശ്യം വർദ്ധിച്ചത്. ഇതോടെ മരുന്ന് വില്പനശാലകൾ വിപണിയിൽ പരമാവധി 200രൂപയ്ക്ക് ലഭ്യമായിരുന്ന പോളിസാക്കറൈഡ് വാക്സിൻ പൂഴ്ത്തി 2000 രൂപയുടെ കോൻജുഗേറ്റ് വാക്‌സിൻ നൽകിത്തുടങ്ങി.

ഇത്രയധികം തുക ഹോട്ടൽ ജീവനക്കാർക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല. ഇതോടെ ഹെൽത്ത് കാർഡ് കിട്ടാത്ത സ്ഥിതിയായി. നിർബന്ധിത വാക്‌സിൻ അല്ലാതിരുന്നതിനാൽ സർക്കാർ ആശുപത്രികളിലും കാരുണ്യയിലും വാക്സിൻ ലഭ്യമല്ലാത്തതായിരുന്നു ചൂഷണത്തിന് കാരണം. ഇക്കാര്യം കേരളകൗമുദി ചൂണ്ടിക്കാട്ടിയതോടെ മന്ത്രി വീണാജോർജ് ഇടപെടുകയായിരുന്നു.

Advertisement
Advertisement