എയർ ഇന്ത്യ എക്‌സ്പ്രസ് ഡയറക്ട് ദുബായ് സർവീസ് ആരംഭിച്ചു

Tuesday 28 March 2023 3:04 AM IST

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. തിങ്കൾ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഗോവയിൽ നിന്ന് ദുബായിലേക്കും ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരിച്ചും സർവീസ് നടത്തും. ആദ്യ വിമാനം, ഐഎക്സ് 840 തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടു.

ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് സ‍ർവീസ് നടത്തുന്ന ഒരേയൊരു എയർലൈനാണ് എയർ ഇന്ത്യ എക്‌സ്പ്രസ് എന്നത് അഭിമാനമാണെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെയും എയർഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിക്കാൻ ഒരുങ്ങുന്ന എയർഏഷ്യ ഇന്ത്യ, അഞ്ച് ആഭ്യന്തര നഗരങ്ങളെ ബന്ധിപ്പിച്ച് ഗോവയിലേക്കും ഗോവയിൽ നിന്നുമായി ദിവസേന 13 ഡയറക്ട് ഫ്ലൈറ്റുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.