മഅ്ദനി ബംഗളൂരുവിൽ തുടരേണ്ട സാഹചര്യമെന്തെന്ന് സുപ്രീംകോടതി

Tuesday 28 March 2023 12:35 AM IST

ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടനക്കേസിൽ സാക്ഷിവിസ്‌താരം അവസാനിക്കുകയും അന്തിമവാദം ബാക്കിനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അബ്‌ദുൾ നാസർ മഅ്ദനി ബംഗളൂരുവിൽ തുടരേണ്ട ആവശ്യമെന്തെന്ന് കർണാടക സർക്കാരിനോട് സുപ്രീംകോടതി. കിടപ്പുരോഗിയായ പിതാവിനെ കാണാനും കാഴ്‌ചശക്തി കുറയുന്നതിൽ ആയുർവേദ ചികിത്സയ്‌ക്കും കേരളത്തിലേക്ക് പോകാൻ അനുമതി തേടി മഅ്ദനി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗിയും ബേല എം. ത്രിവേദിയും അടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചത്.

മഅ്ദനി ഇതുവരെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ല. ബംഗളുരു നഗരത്തിന് പുറത്തേക്ക് പോകരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച സുപ്രീംകോടതി, മറുപടി നൽകാൻ കർണാടക സർക്കാരിന് രണ്ടാഴ്‌ച അനുവദിച്ചു. ഏപ്രിൽ 13ന് ഹർജി വീണ്ടും പരിഗണിക്കും.