ശിവഗിരി മഠം - ഗുരുധർമ്മ പ്രചാരണസഭ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: നാളെ തുടക്കം

Tuesday 28 March 2023 1:38 AM IST

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി, സത്യഗ്രഹത്തിന്റെ കേന്ദ്രബിന്ദുവായ ടി.കെ. മാധവനെയും അനുഗ്രഹം ചൊരിഞ്ഞ ശ്രീനാരായണഗുരുദേവനെയും മറ്റു ചരിത്രനായകന്മാരെയും സ്മരിച്ച് ശിവഗിരിമഠവും പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണസഭയും സംഘടിപ്പിക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. 20 മാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളുടെ കേന്ദ്രതല ഉദ്ഘാടനം നാളെ രാവിലെ 10ന് വൈക്കം സത്യഗ്രഹ സ്മാരക മുനിസിപ്പൽ ഹാളിൽ നടക്കും. രാവിലെ 9ന് ടി.കെ. മാധവൻ സ്മാരക സ്‌ക്വയറിൽ സമൂഹപ്രാർത്ഥനയും പുഷ്പാർച്ചനയും. തുടർന്ന് വിളംബര ഘോഷയാത്ര.

ശതാബ്ദിയാഘോഷ സമ്മേളനം മലങ്കര ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.

മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം ദേവൻ 'വൈക്കം സത്യഗ്രഹം ഒരു വിശദീകരണം" എന്ന ലഘുലേഖ പ്രകാശനം ചെയ്യും. ടി.കെ. മാധവന്റെ ചെറുമകൾ ഡോ.വിജയാനായരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ലോഗോപ്രകാശനം. സ്വാമി വിശുദ്ധാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ധർമ്മചൈതന്യ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. സി.കെ. ആശ എം.എൽ.എ, വൈക്കം നഗരസഭ ചെയർപേഴ്‌സൺ രാധികാശ്യാം, ആർ.സന്തോഷ്, അഡ്വ.വി.കെ. മുഹമ്മദ്, വി.കെ. ബിജു, പുത്തൂർ ശോഭനൻ, ബിജുവാസ്, പി.സതീശൻ അത്തിക്കാട്, എൻ.കെ. ബൈജു, കെ.ആർ. സുരേഷ്‌കുമാർ എന്നിവർ ആശംസയർപ്പിക്കും. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി അസ്പർശാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ദേവചൈതന്യ, ഗുരുധർമ്മ പ്രചാരണ സഭ വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, ടി.വി. രാജേന്ദ്രൻ, ബാബുരാജ് വട്ടോടിൽ, ചന്ദ്രൻ പുളിങ്കുന്ന്, മനോബി മനോഹരൻ, സോഫി വാസുദേവൻ, എം.ഡി. സലിം, എം.ബി. രാജൻ, എം.എസ്. ബിജുകുമാർ, കെ.എൻ. മോഹൻദാസ്, രഘു പുൽക്കയത്ത്, രാജേഷ് സഹദേവൻ എന്നിവർ പങ്കെടുക്കും. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പി. കമലാസനൻ നന്ദിയും പറയും.