കോൺ. പുന:സംഘടനാ പട്ടിക ഏപ്രിൽ 15നകം

Tuesday 28 March 2023 12:00 AM IST

തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുന:സംഘടന ഏപ്രിൽ 15നകം പൂർത്തിയാക്കാൻ കെ.പി.സി.സി നിർദ്ദേശം. ഇതിന്റെ മേൽനോട്ടത്തിനായി രൂപീകരിച്ച ഉപസമിതി യോഗങ്ങൾ ഏപ്രിൽ ആദ്യ വാരം ചേരും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംബന്ധിക്കും.

വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം 30ന് താരിഖ് അൻവറുമെത്തും. ഡി.സി.സികളിൽ നിന്നുള്ള കരട് ഭാരവാഹി പട്ടികകൾ പരിശോധിച്ച് അന്തിമ പട്ടിക തയാറാക്കുകയാണ് ഉപ സമിതിയുടെ ചുമതല.

ഡി.സി.സികളിൽ നിന്ന് ലഭിക്കുന്ന ഭാരവാഹി പട്ടികകളുടെ കരട് പരിശോധിച്ച് അന്തിമമാക്കാൻ സംസ്ഥാനതലത്തിൽ സമിതി വേണമെന്ന ആവശ്യം ഗ്രൂപ്പ് നേതൃത്വങ്ങൾ

ഉന്നയിച്ചിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയിൽ സമിതി രൂപീകരിക്കാൻ ധാരണയായെങ്കിലും സംസ്ഥാന നേതൃത്വം താല്പര്യം കാട്ടാതിരുന്നതോടെ രൂപീകരണം വൈകി. ഗ്രൂപ്പ് നേതൃത്വങ്ങൾ സംസ്ഥാനതല സമിതിയില്ലാതെ സഹകരിക്കില്ലെന്ന നിലപാടെടുത്തതോടെ, ഹൈക്കമാൻഡ് ഇടപെട്ടാണ് എല്ലാ ഗ്രൂപ്പുകൾക്കും പ്രാതിനിദ്ധ്യമുള്ള ഉപസമിതി രൂപീകരിച്ചത്