ഇലക്ട്രിസിറ്റി ബോർഡിന് നോട്ടീസ്, മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും ഉഴപ്പിയതിന് നടപടിവേണം

Tuesday 28 March 2023 12:00 AM IST

തിരുവനന്തപുരം: സർക്കാരിന്റെ നൂറ് ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ നടപ്പാക്കാത്തവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഊർജ്ജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കെ.എസ്.ഇ.ബി ചെയർമാന് നോട്ടീസ് നൽകി.

പള്ളിവാസൽ ജലവൈദ്യുത പദ്ധതി പുനരുദ്ധാരണം,കോട്ടയം 400 കെ.വി സബ് സ്റ്റേഷൻ,കൊല്ലം - കൊട്ടിയം 120കെ.വി സബ് സ്റ്റേഷൻ നിർമ്മാണം എന്നിവ നൂറ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 1940ൽ സ്ഥാപിച്ച പള്ളിവാസൽ പദ്ധതിയുടെ പൈപ്പുകൾ ചോർന്നൊലിക്കുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം കോടികളാണ് നഷ്ടം.

പദ്ധതികൾ മുഖ്യമന്ത്രിയെ കൊണ്ട് പ്രഖ്യാപിച്ചിട്ട് നടപ്പാക്കാത്തത് സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന് കെ.ആർ.ജ്യോതിലാൽ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗത്തിൽ വിമർശിച്ചിരുന്നു. ഇത് ബോർഡ് യോഗത്തിലും പ്രശ്നമുണ്ടാക്കി. കഴിഞ്ഞ രണ്ട് ഡയറക്ടർ ബോർഡ് യോഗങ്ങളിൽ ജ്യോതിലാൽ പങ്കെടുത്തതുമില്ല. ഇതിന് പിന്നാലെയാണ് ഉത്തരവാദികൾക്കെതിരെ നടപടിയെടുത്ത് അറിയിക്കാൻ കെ.എസ്.ഇ.ബി ചെയർമാൻ രാജൻ ഖോബ്രഗഡെയ്ക്ക് നോട്ടീസ് നൽകിയത്.