പുതിയ പൊലീസ് മേധാവി: പട്ടിക മുഖ്യമന്ത്രിയുടെ പരിഗണനയിൽ

Tuesday 28 March 2023 12:00 AM IST

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ 8 മുതിർന്ന ഐ.പി.എസുകാരുടെ പട്ടിക മുഖ്യമന്ത്രിയുടെ അനുമതിക്കായി സമർപ്പിച്ചു. സംസ്ഥാനത്തുള്ള അഞ്ചും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് ഉദ്യോഗസ്ഥരും ഇതിലുണ്ട്. മുഖ്യമന്ത്രി അനുമതി നൽകിയാൽ പട്ടിക ഈയാഴ്ച പൊതുഭരണവകുപ്പ് കേന്ദ്രസർക്കാരിന് കൈമാറും. ജൂൺ 30നാണ് നിലവിലെ പൊലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നത്.

30 വർഷം സർവീസുള്ള 8 ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടങ്ങിയ സമിതി മൂന്നംഗ അന്തിമപാനൽ തയാറാക്കി സംസ്ഥാന സർക്കാരിന് കൈമാറും. യു.പി.എസ്.സി നൽകുന്ന മൂന്നംഗ പാനലിൽ നിന്ന് സംസ്ഥാന സർക്കാരാണ് പൊലീസ് മേധാവിയെ നിയമിക്കേണ്ടത്.

സി.ആർ.പി.എഫ് അഡി. ഡയറക്ടർ നിതിൻഅഗർവാൾ, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ്, ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ, തീരദേശ പൊലീസ് എ.ഡി.ജി.പി സഞ്ജീബ് കുമാർ പട്ജോഷി, ബിവറേജസ് കോർപ്പറേഷൻ എം.ഡി യോഗേഷ് ഗുപ്ത, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡി. ഡയറക്ടർമാരായ ഹരിനാഥ്മിശ്ര, രവാഡാ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിലുള്ളത്.

Advertisement
Advertisement