ആശ്വാസവാക്കുകളുമായി മോഹൻലാൽ, സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ആശ്വാസവാക്കുകൾ പറഞ്ഞ് മോഹൻലാൽ ചേർത്തുപിടിക്കുമ്പോൾ, വാവിട്ട് കരയുകയായിരുന്നു ഇന്നസെന്റിന്റെ ഭാര്യ ആലീസ്. എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ നിർന്നിമേഷനായി ലാൽ കുറേനേരം നിന്നു.
വെെകിട്ട് ഏഴരയ്ക്കാണ് മോഹൻലാൽ ഇന്നസെന്റിന്റെ വീട്ടിലെത്തിയത്. അപ്പോഴേക്കും ജനത്തിരക്കിൽ ഇരിങ്ങാലക്കുട നിറഞ്ഞു. വീട്ടിനുള്ളിലേക്ക് കാർ കയറ്റിയിട്ട് ഇന്നസെന്റിന്റെ മൃതദേഹത്തിനരികിൽ നിന്ന് അന്ത്യാഞ്ജലി അർപ്പിച്ചശേഷമാണ് വീട്ടിൽ കയറി ആലീസിനെ ആശ്വസിപ്പിച്ചത്. ആന്റണി പെരുമ്പാവൂരും കൂടെയുണ്ടായിരുന്നു. മോഹൻലാൽ മടങ്ങിയതിനു പിന്നാലെ സുരേഷ് ഗോപിയും എത്തി. നടൻ ടിനിടോമും അനുഗമിച്ചു. അഡ്വ. ബി. ഗോപാലകൃഷ്ണൻ, എ. നാഗേഷ്, അഡ്വ.കെ.കെ.അനീഷ് കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. രമേശ് ചെന്നിത്തല, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ, അപർണ്ണ ബാലമുരളി, എം.കെ.കണ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.