ആ കൂട്ടുകെട്ടും ഇഴപിരിഞ്ഞു, കരച്ചിലടക്കാനാവാതെ സത്യൻ അന്തിക്കാട്

Tuesday 28 March 2023 12:00 AM IST

ഇരിങ്ങാലക്കുട: എണ്ണം പറഞ്ഞ ഹിറ്റ് സിനിമകളിലൂടെ ഉരുത്തിരിഞ്ഞ സത്യൻ അന്തിക്കാട് ഇന്നസെന്റ് കൂട്ടുകെട്ട് ഇനിയില്ല. രാവിലെ ഇന്നസെന്റിന്റെ വസതിയായ പാർപ്പിടത്തിലെത്തി ഭാര്യ ആലീസിനെ ആശ്വസിപ്പിച്ച് പടിയിറങ്ങുമ്പോൾ സത്യൻ അന്തിക്കാട് വിങ്ങിപ്പൊട്ടി. മുൻമന്ത്രി വി.എസ്.സുനിൽകുമാറിന്റെ കൈ പിടിച്ച് കണ്ണുകളടച്ചങ്ങനെ നിന്നു.

കണ്ടുനിന്നവരെല്ലാം സ്തബ്ധരായ നിമിഷം. മാദ്ധ്യമപ്രവർത്തകരോട് ഒന്നും പറയാൻ വയ്യെന്ന് പറഞ്ഞായിരുന്നു അദ്ദേഹം നിറകണ്ണുകളോടെ ടൗൺഹാളിൽ നിന്ന് മടങ്ങിയത്. മൃതദേഹം എത്തുന്നതിന് രണ്ട് മണിക്കൂർ മുൻപ് ടൗൺഹാളിലെത്തിയ സത്യൻ അന്തിക്കാട് വൈകിട്ടാണ് മടങ്ങിയത്.
സത്യൻ അന്തിക്കാട് സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഇന്നസെന്റ്. അതിനപ്പുറമുള്ള സൗഹൃദവും അവർക്കിടയിലുണ്ടായിരുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമയിലെ ചില കഥാപാത്രങ്ങൾക്ക് പേരിട്ടതും അദ്ദേഹമായിരുന്നു. ഇനിയില്ലെന്ന തിരിച്ചറിവ് ഉൾക്കൊള്ളാനാവാതെ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി വി.എസ് സുനിൽ കുമാറിനെ ചേർത്തുപിടിച്ചാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്.

നാലുപതിറ്റാണ്ടോളമായി നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ചിരിപ്പിച്ചും ചില നേരങ്ങളിൽ കണ്ണീരണിയിച്ചും ഇന്നസെന്റ് നിറഞ്ഞുനിന്നിരുന്നു. ഇനി ആ കൂട്ടുകെട്ടിന്റെ ഹാസ്യരസം തുളുമ്പുന്ന രംഗങ്ങളുണ്ടാവില്ല എന്നത് ആരാധകർക്കും വേദനയായി. സത്യൻ അന്തിക്കാടെത്തിയപ്പോൾ എല്ലാവരും പറഞ്ഞതും അതായിരുന്നു.