4000 സ്ത്രീകളെ എസ്.എസ്.എൽ.സി യോഗ്യതയുള്ളവരാക്കും; 'യോഗ്യ' സാക്ഷരതാ പദ്ധതിയുമായി കുടുംബശ്രീ

Tuesday 28 March 2023 12:34 AM IST

മലപ്പുറം: ജില്ലയിലെ 50 വയസിന് താഴെ പ്രായമുള്ള എല്ലാ സ്ത്രീകളെയും പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ 'യോഗ്യ' സാക്ഷരതാ പദ്ധതിയുമായി കുടുംബശ്രീ. ഈ വർഷം 4,​000 പേർക്ക് എസ്.എസ്.എൽ.സിയും 2,​000 പേർക്ക് പ്ലസ്ടു പരീക്ഷയും എഴുതാൻ പരിശീലനമേകും. ജില്ലയിൽ കുടുംബശ്രീ നടത്തിയ കണക്കെടുപ്പനുസരിച്ച് 15,000 സ്ത്രീകളാണ് പത്താം ക്ലാസ് യോഗ്യത നേടാനുള്ളത്. പഞ്ചായത്തുകളിലെ സി.ഡി.എസുകൾ വഴിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.

രജിസ്‌ട്രേഷന്റെ അവസാന തീയതി നേരത്തെ മാർച്ച് 31നാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇത് മേയ് വരെ നീട്ടിയിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കൂടുതലുള്ള ജില്ലയിലെ തീരദേശ മേഖല, പട്ടികജാതി,​ പട്ടിക വർഗ കോളനികൾ എന്നിവിടങ്ങളിൽ പദ്ധതിക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാ കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ.കക്കൂത്ത്,​ ജില്ലാ പ്രോഗ്രാം മാനേജർ പി.റൂബി രാജ് എന്നിവരറിയിച്ചു.